Business Kerala

സ്വര്‍ണം പണയം വെച്ചവര്‍ റെക്കോര്‍ഡിട്ടു; ഈ വായ്പയെല്ലാം തിരിച്ചടക്കാന്‍ മടി കാണിക്കുമോ? ആശങ്ക ഒപ്പം

സ്വര്‍ണപ്പണയത്തിന് അപേക്ഷിക്കുന്നവരില്‍ 39 ശതമാനവും സ്ത്രീകള്‍

Dhanam News Desk

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണപ്പണയ വിപണി റെക്കോര്‍ഡ് വളര്‍ച്ചയിലേക്ക്. മൊത്തം റീറ്റൈയ്ല്‍ വായ്പാ വിതരണത്തില്‍ സ്വര്‍ണപ്പണയത്തിന്റെ വിഹിതം വന്‍തോതില്‍ വര്‍ധിച്ചതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ (TransUnion CIBIL) ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതോടൊപ്പം തന്നെ വായ്പാ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നത് ബാങ്കിംഗ് മേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.

തിരിച്ചുവരുന്ന 'ഗോള്‍ഡ് ലോണ്‍' തരംഗം

2022 മാര്‍ച്ചിന് ശേഷം രാജ്യത്തെ സ്വര്‍ണപ്പണയ വായ്പകളില്‍ 3.8 മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ റീറ്റെയ്ല്‍ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോയിലെ സ്വര്‍ണപ്പണയ വിഹിതം 5.9 ശതമാനത്തില്‍ നിന്ന് 11.1 ശതമാനമായി ഉയര്‍ന്നു. വായ്പാ തുകയിലും വലിയ മാറ്റങ്ങളുണ്ട്. 2022-ല്‍ ശരാശരി വായ്പാ തുക 90,000 രൂപയായിരുന്നെങ്കില്‍, നിലവില്‍ ഇത് 1.96 ലക്ഷം രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.

സ്വര്‍ണപ്പണയത്തിന് അപേക്ഷിക്കുന്നവരില്‍ 39 ശതമാനവും സ്ത്രീകളാണെന്ന് ട്രാന്‍സ് യൂണിയന്റെ കണക്കുകള്‍ കാണിക്കുന്നു. സ്വര്‍ണപ്പണയ വിപണിയില്‍ 62 ശതമാനം വിഹിതവുമായി പൊതുമേഖലാ ബാങ്കുകള്‍ മുന്നിട്ടുനില്‍ക്കുന്നു. സ്വകാര്യ എന്‍ബിഎഫ്സികളുടെ വിഹിതം 11 ശതമാനമാണ്.

വായ്പ എടുക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 2025-ല്‍ മൊത്തം വായ്പ അപേക്ഷകരില്‍ 39 ശതമാനവും സ്ത്രീകളാണ്.

തിരിച്ചടവ് മുടങ്ങുന്നു; ലേല നടപടികള്‍ സജീവം

വിപണി കുതിക്കുമ്പോഴും വായ്പാ തിരിച്ചടവില്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ പലിശയോ മുതലോ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്കുകളും എന്‍ബിഎഫ്സികളും (NBFC) ലേല നടപടികളിലേക്ക് നീങ്ങുകയാണ്. സ്വര്‍ണവിലയിലുണ്ടായ വലിയ വര്‍ധന കാരണം, പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പല സാധാരണക്കാരും. 60 ദിവസത്തിലധികം തിരിച്ചടവ് വൈകിയ വായ്പകളുടെ നിരക്ക് 1.1 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന തുക വായ്പയെടുത്തവരാണ് തിരിച്ചടവില്‍ കൂടുതല്‍ വീഴ്ച വരുത്തുന്നത്.

തുക കൂടുമ്പോള്‍ കുടിശികയും കൂടുന്നു

2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശികയുള്ള വായ്പക്കാര്‍ക്കിടയില്‍ 1.5 ശതമാനമാണ് കുടിശിക നിരക്ക്. കുറഞ്ഞ തുക വായ്പ എടുത്തവരേക്കാള്‍ 2.2 മടങ്ങ് കൂടുതലാണിത്.

അഞ്ചിലധികം വായ്പകള്‍ എടുത്തവരില്‍ കുടിശിക നിരക്ക് 1.9 ശതമാനമായി ഉയര്‍ന്നു. 2025 ന്റെ ആദ്യ പകുതിയില്‍ ആരംഭിച്ച വായ്പകളുടെ ശരാശരി കുടിശിക നിരക്ക് 1.1 ശതമാനമാണ്. 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ കുടിശികയുള്ള വായ്പക്കാരില്‍ 46 ശതമാനം പേര്‍ക്കും അഞ്ചിലധികം വായ്പകളുണ്ട്.

വിപണിയിലെ ഈ അമിത വേഗത കണക്കിലെടുത്ത് വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സെബിയും റിസര്‍വ് ബാങ്കും ആലോചിക്കുന്നുണ്ട്.

Gold loan growth surges in India, but rising delinquencies raise concerns for lenders and regulators.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT