Business Kerala

സുരക്ഷിത പെരുമ വിട്ട് സ്വര്‍ണം, വില ഇനി താഴേക്കോ? കേരളത്തില്‍ ഏറെക്കാലത്തിനു ശേഷം വില മാറ്റമില്ലാതെ വ്യാപാരം

വെള്ളി വിലയില്‍ കുറവു രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലും തുടരുന്നു. ഏറെക്കാലത്തിനു ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം ആരംഭിക്കുന്നത്.

18 കാരറ്റിന് ഗ്രാമിന് 11,615 രൂപയും 14 കാരറ്റിന് 9,045 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,835 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ കുറവു രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ച്‌

രാജ്യാന്തര സ്വര്‍ണ വില കുറഞ്ഞു നില്‍ക്കുന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ 4,877 ഡോളര്‍ വരെ വില താഴ്ന്നിരുന്നു. നിലവില്‍ 4,926 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അയവു വന്നതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് വിപണിയില്‍ സ്വര്‍ണത്തിന്റെ 'സുരക്ഷിത നിക്ഷേപം' (Safe Haven) എന്ന പദവിക്ക് മങ്ങലേല്‍പ്പിച്ചു.

ചൈനീസ് പുതുവത്സരത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ചൈനയില്‍ വിപണി അടഞ്ഞുകിടക്കുന്നതും വിലയെ ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.

ഡോളര്‍ സൂചിക കരുത്താര്‍ജ്ജിച്ചതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ചിലവ് വര്‍ദ്ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തു.

ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,130,80 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,28399 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT