Image : Canva 
Business Kerala

ഇടിവെട്ട് സ്വര്‍ണം, വെള്ളിയില്‍ വെള്ളിടി! പവന്‍ വില ₹92,000ലേക്ക് ഒറ്റദിവസം വര്‍ധന ₹840, വെള്ളി ഗ്രാമിന് ₹185, എല്ലാം റെക്കോഡ്

വെള്ളി വില ഗ്രാമിന് 10 രൂപ കൂടി സര്‍വകാല റെക്കോഡ് തൊട്ടു

Dhanam News Desk

സംസ്ഥാനത്ത് റെക്കോഡ് കയറ്റം തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,495 രൂപയും പവന്‍ വില 850 രൂപ ഉയര്‍ന്ന് 91,960 രൂപയുമായി. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവന്‍ 91,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.

വെറും 12 ദിവസം കൊണ്ട് സ്വര്‍ണ വിലയിലുണ്ടായത് 4,520 രൂപയുടെ വര്‍ധനയാണ്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയായി. 14 കാരറ്റിന് 7,355 രൂപയും ഒമ്പത് കാരറ്റിന് 4,740 രൂപയുമായി.

ഷട്ട്ഡൗണും പലിശയും വഴി വെട്ടി

അമേരിക്കയിലെ ഷട്ട് ഡൗണ്‍, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷകള്‍, ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവയാണ് സ്വര്‍ണത്തിന്റെ വില കുതിച്ചുയരാന്‍ കാരണം. വരും ആഴ്ചകളിലും സ്വര്‍ണ വില ചാഞ്ചാടി നില്‍ക്കുമെന്നാണ് നിഗമനങ്ങള്‍. ആഭ്യന്തര വിപണിയില്‍ ഉത്സവകാല ഡിമാന്‍ഡ് ഉയരുന്നത് സ്വര്‍ണ വില വീണ്ടും ഉയര്‍ത്താന്‍ ഇടയായേക്കും. ഇന്ന് ഔണ്‍സ് സ്വര്‍ണ വില 4,059.71 ഡോളര്‍ തൊട്ടു.

മിന്നല്‍പ്പിണരായി വെള്ളി

വെള്ളി വിലയും കുതിപ്പിലാണ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 10 രൂപ വര്‍ധിച്ച് ചരിത്രത്തിലാദ്യമായി ഗ്രാമിന് 185 രൂപ തൊട്ടു.

വ്യാവസായിക ആവശ്യം കുതിച്ചുയര്‍ന്നതാണ് വെള്ളി വിലയില്‍ കുതിപ്പിന് പ്രധാനം കാരണം. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, സോളാര്‍ പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലെല്ലാം വെള്ളി ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. വെള്ളി വിലയിലെ ഉയര്‍ച്ച മൂലം കൂടുതലായി ആളുകള്‍ നിക്ഷേപം തുടങ്ങിയതും വിലയെ ബാധിച്ചു. സ്വര്‍ണത്തെ പോലെ അനിശ്ചിതാവസ്ഥകളില്‍ മികച്ച നിക്ഷേപ ഓപ്ഷനായി പരിഗണിക്കുന്നതും വില ഉയരാന്‍ കാരണമാകുന്നു. വെള്ളിയുടെ ലഭ്യതയിലുണ്ടാകുന്ന കുറവും വില മുന്നേറ്റത്തിന് കളമൊരുക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT