സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. രാജ്യാന്തര വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി.
ഈ മാസം തുടക്കം മുതല്‍ വിലയിടിവിലായിരുന്ന സ്വര്‍ണ വില ഇന്നലെ ഒറ്റ ദിവസം മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത്. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,560 രൂപയില്‍ നിന്നാണ് സ്വര്‍ണം ഈ വന്‍ വീഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ആഗോള സാമ്പത്തിക ഘടകങ്ങളും യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തിയേക്കുമെന്ന ശക്തമായ സൂചനകളുമാണ് പെട്ടെന്നുള്ള ഈ തകര്‍ച്ചയ്ക്ക് പിന്നില്‍.
ഇന്നലെ രാവിലെ വില നിശ്ചയിക്കുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4,342 ഡോളറും, ഇന്ത്യന്‍ MCX നിരക്ക് 1,55,230 രൂപയും, രൂപയുടെ മൂല്യം 95.60 യുമായായിരുന്നു; എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വില 4,178 ഡോളറിലേക്ക് താഴ്ന്നു. ഇന്ത്യന്‍ MCX നിരക്ക് 1,09,160 രൂപയും രൂപയുടെ മൂല്യം 95.44 മാണ്.
18 കാരറ്റിന് ഗ്രാമിന് 320 രൂപ ഇടിഞ്ഞ് 11,215 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 250 രൂപ താഴ്ന്ന് 8,735 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 5,630 രൂപയുമായി. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയായി.
അമേരിക്കയില്‍ പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്കയും ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് ഉപഭോക്തൃ വിലസൂചിക (CPI) കണക്കുകളും നിക്ഷേപകരെ കടുത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍, പ്രതിരോധ നടപടിയെന്നോണം ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ ഉയര്‍ത്തുകയോ അല്ലെങ്കില്‍ നിലവിലുള്ള ഉയര്‍ന്ന നിരക്ക് ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുകയോ ചെയ്യുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. സി.എം.ഇ ഫെഡ്വാച്ച് ടൂള്‍ (CME FedWatch Tool) പ്രകാരം ഡിസംബറോടെ ഫെഡ് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത 70 ശതമാനത്തിലധികമായി വ്യാപാരികള്‍ കണക്കാക്കുന്നു.
ഇതിനെത്തുടര്‍ന്ന് യു.എസ് ഡോളര്‍ സൂചിക വീണ്ടും ശക്തമായി മുന്നേറി 100 നിലവാരത്തിലേക്ക് ഉയര്‍ന്നു. ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആഗോളതലത്തില്‍ ബുള്യന്‍ നിരക്കുകള്‍ അപ്രാപ്യവും ചെലവേറിയതുമായി മാറി. ഒപ്പം യു.എസിന്റെ 10 വര്‍ഷത്തെ ട്രഷറി ബോണ്ട് യീല്‍ഡ് 4.542 ശതമാനത്തിലേക്ക് മെച്ചപ്പെട്ടതും സ്വര്‍ണത്തിന് വന്‍ തിരിച്ചടിയായി. പലിശ നല്‍കാത്ത നിക്ഷേപമായതിനാല്‍, ബോണ്ട് യീല്‍ഡും പലിശനിരക്കും ഉയരുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയുകയും നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് കടക്കുകയും ചെയ്യും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. യു.എസ്-ഇറാന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ആഗോള പണപ്പെരുപ്പ ഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.
ജൂണ്‍ 1: 1,14,560 രൂപ
ജൂണ്‍ 2: 1,14,560 രൂപ
ജൂണ്‍ 3 : 1,14,560 രൂപ
ജൂണ്‍ 4 : 1,14,480 രൂപ
ജൂണ്‍ 5: 1,14,200 രൂപ
ജൂണ്‍ 6: 1,12,000 രൂപ
ജൂണ്‍ 7: 1,12,000 രൂപ
ജൂണ്‍ 8: 1,11,240 രൂപ
ജൂണ്‍ 9: 1,12,320 രൂപ
ജൂണ്‍ 10: 1,09,160 രൂപ
വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസിന്റെ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് (PPI) ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന ധനനയ പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഗതി നിര്‍ണയിക്കും. വിപണിയില്‍ പെട്ടെന്നുണ്ടായ ഈ വന്‍ തിരുത്തല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും അനുകൂലമായ അവസരമായി മാറിയേക്കാം. എങ്കിലും ആഗോള രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ തികച്ചും അസ്ഥിരമായി തുടരുന്നതിനാല്‍ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു മാത്രം മുന്നോട്ട് പോകുന്നതാകും ഉചിതമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,18,219 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine