റെക്കോഡ് കുതിപ്പിലായിരുന്ന സ്വര്‍ണ വില ഇന്ന് കുത്തനെ താഴേക്ക്. കേരളത്തില്‍ ഗ്രാം വില 140 രൂപ കുറഞ്ഞ് 12,270 രൂപയും പവന്‍ വില 1,120 രൂപ താഴ്ന്ന് 98,160 രൂപയുമായി. റെക്കോഡ് വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വില ഇടിവിന് കാരണമായത്. അതേസമയം, രാജ്യാന്തര തലത്തില്‍ ഔണ്‍സ് സ്വര്‍ണ വില റെക്കോഡ് നിലവാരമായ 4,300 ഡോളറിനടുത്താണ്.
ഇന്ന് വൈകുന്നേരം പുറത്തുവരുന്ന യു.എസ്. നോണ്‍ഫാം പേറോള്‍സ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അമേരിക്കന്‍ നിക്ഷേപകര്‍. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെകുറിച്ച് സൂചന നല്‍കുന്നതാകും ഈ റിപ്പോര്‍ട്ട്.
അമേരിക്കയിലെ സര്‍ക്കാര്‍ ജീവനക്കാര്‍, കൃഷിക്കാര്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരെ ഒഴിവാക്കിയുള്ള, ഒരു മാസം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അല്ലെങ്കില്‍ നഷ്ടപ്പെട്ട പുതിയ തൊഴിലുകളുടെ എണ്ണം കാണിക്കുന്ന കണക്കുകളാണ് നോണ്‍ഫാം പേറോള്‍സ് റിപ്പോര്‍ട്ട്. തൊഴില്‍ വളര്‍ച്ച കുറവാണെങ്കില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
സി.എം.ഇയുടെ ഫെഡ് വാച്ച് ടൂള്‍ അനുസരിച്ച്, വിപണികള്‍ വിലയിരുത്തുന്നത് ജനുവരി മാസത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ 76 ശതമാനം സാധ്യതയുണ്ട് എന്നാണ്.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ ആഴ്ച സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലകളില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. കാരണം ഈ ആഴ്ച നടക്കുന്ന മറ്റ് പ്രധാനപ്പെട്ട ലോക ബാങ്കുകളുടെ യോഗങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് , ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവയുടെ പലിശ നിരക്കുകളിലുള്ള തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സാമ്പത്തിക രംഗത്തെയും ഡോളറിന്റെ മൂല്യത്തെയും ബാധിക്കും, ഇത് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ പ്രതിഫലിക്കും.
റഷ്യ-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും നിക്ഷേപകരെ സ്വാധീനിക്കും. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍, നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി (Safe Haven Asset) സ്വര്‍ണ്ണത്തിലേക്ക് തിരിയുകയും അത് വില കൂടാന്‍ കാരണമാവുകയും ചെയ്യും.
കനം കുറഞ്ഞതും കല്ലു പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 10,090 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,860 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,070 രൂപയിലുമാണ് വ്യാപാരം. വെള്ളി വില ഗ്രാമിന് 198 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
Gold price drops sharply by ₹1,120 per sovereign in Kerala amid global economic signals.
Read DhanamOnline in English
Subscribe to Dhanam Magazine