സംസ്ഥാനത്തെ ആഭരണ വിപണിയിൽ റെക്കോഡ് മുന്നേറ്റത്തിന് പിന്നാലെ സ്വർണ വിലയിൽ ഇടിവ്. തിങ്കളാഴ്ച (2026 ജനുവരി 26) ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനിടെ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ പുതുക്കിയ വില 14,845 രൂപയായി. ആനുപാതികമായി ഒരു പവൻ സ്വർണത്തിന്റെ നിരക്കിൽ 560 രൂപ താഴ്ന്ന് 1,18,760 രൂപയുമായി.
അതുപോലെ 18 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 60 രൂപയുടെ കുറവ് ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിട്ടു. ഇതോടെ 12,195 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റിന്റെ ഒരു പവന് 480 രൂപ കുറഞ്ഞ് 97,560 രൂപ നിലവാരത്തിലുമെത്തി. സമാനമായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കുന്ന 14 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ വില 45 രൂപ താഴ്ന്ന് 9,495 രൂപയിലും ഇതിന്റെ ഒരു പവന് 360 രൂപ ഇടിഞ്ഞ് 75,960 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിൽ 25 രൂപ കുറഞ്ഞ് 6,125 രൂപയായും ഇതിന്റെ ഒരു പവന് 200 രൂപ താഴ്ന്ന് 49,000 രൂപയായും ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തിനായി നിശ്ചയിച്ചു.
22 കാരറ്റ് സ്വർണത്തിന്റെ പുതുക്കിയ വിപണി വില 1,18,760 രൂപയായി മാറിയതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവ കൂടി ചേര്‍ത്ത് 1,28,611 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍റെ സ്വർണാഭരണം തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം കടയില്‍ നിന്നും വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകുമെന്നതും ശ്രദ്ധിക്കുക.
രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് (31.1 ഗ്രാം) സ്വർണത്തിന്റെ വിലയിൽ ഇന്ന് രണ്ട് ശതമാനത്തിലേറേ മുന്നേറ്റം. ഇപ്പോൾ സ്വർണ (സ്പോട്ട്) വില 5,090 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില 5,000 ഡോളർ നിലവാരം കവിയുന്നത്. അതേസമയം വെള്ളിയിൽ ഇന്ന് ആറ് ശതമാനത്തിലേറെ മുന്നേറ്റമാണ് കാണാനാകുന്നത്. ഇപ്പോൾ ഒരു ഔൺസ് വെള്ളിയുടെ നിരക്ക് 109 ഡോളർ നിലവാരത്തിലാണ് രേഖപ്പെടുത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine