സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. നാല് തവണയാണ് ഇന്ന് ഒറ്റ ദിവസം വില മാറിയത്. രാവിലെ രണ്ട് തവണ വില ഇടിഞ്ഞപ്പോള്‍ ഉച്ചയ്ക്ക് ശേഷം രണ്ട് തവണ വില ഉയര്‍ന്നു. രാവിലത്തെ വിലക്കുറവ് കണ്ട് കടയിലേക്ക് പോയവര്‍ക്ക് തിരിച്ചടിയാണ് ഉച്ചകഴിഞ്ഞ് രണ്ട് തവണയായുള്ള വില വര്‍ധന.
നിലവില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമാണ് വില. ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി പവന്‍ വിലയിലുണ്ടായത് 4,400 രൂപയുടെ വര്‍ധന.
രാജ്യാന്തര വിലയില്‍ വലിയ ഇടിവുണ്ടായതിനു പിന്നാലെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിയതാണ് വില വര്‍ധനയ്ക്കിടയാക്കിയത്. 4,402 ഡോളര്‍ വരെ താഴ്ന്ന ഔണ്‍സ് സ്വര്‍ണ വില 4769 ഡോളറിലേക്ക് തിരിച്ചെത്തി. ഇതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. വൈകിട്ട് 4.10നും പിന്നെ 6.35നും കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില ഉയര്‍ത്തി. 24 കാരറ്റ് സ്വര്‍ണ വില ഉയരുന്നത് കേരളത്തില്‍ പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇതും സംസ്ഥാനത്ത് വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
ചെറുകാരറ്റുകളുടെ വിലയിലും ആനുപാതികമായ കുറവ് കേരളത്തിലുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 11,535 രൂപയും 14 കാരറ്റിന് ഗ്രാമിന് 8,985 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,795 രൂപയുമാണ് നിലവില്‍ വില.
യുഎസ് ഡോളറിന്റെ ശക്തമായ തിരിച്ചുവരവ്, ആഗോള വിപണിയിലുണ്ടായ തളര്‍ച്ച, പണപ്പെരുപ്പത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയായി അറിയപ്പെടുന്ന കെവിന്‍ വാര്‍ഷിനെ (Kevin Warsh) അടുത്ത ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ട്രംപ് ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്തത്, വിലയേറിയ ലോഹങ്ങളുടെ മാര്‍ജിന്‍ സിഎംഇ (CME) വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ തളര്‍ച്ച എന്നിവയൊക്കെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയെ താഴേക്ക് വലിച്ചിരുന്നു. ഇതനുസരിച്ച് പലരും സ്വര്‍ണ വില വന്‍ ഇടിവിലേക്ക് കൂപ്പുകുത്തുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിലക്കുറവില്‍ വാങ്ങുക (Buy the Dip) എന്ന ട്രെന്‍ഡ് വ്യാപകമായതോടെ വില തിരിച്ചുകയറുകയാണ്.
അമേരിക്കയില്‍ ട്രഷറികള്‍ അടഞ്ഞു കിടക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ ഡോളര്‍ കരുത്താര്‍ജിക്കാന്‍ എന്തെങ്കിലും ചെയ്യുമെന്ന് ജനങ്ങള്‍ കരുതുന്നില്ല. ഈ സാഹചര്യത്തില്‍ ഇനിയും വില ഉയരാന്‍ തന്നെയാണ് സാധ്യത കണക്കാക്കുന്നത്. 5,500 ഡോളര്‍ നിലവാരത്തിലേക്ക് വില ഉയര്‍ന്നേക്കാമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Gold price fluctuates four times in a day in Kerala, with sharp evening hikes reflecting global market shifts.
Read DhanamOnline in English
Subscribe to Dhanam Magazine