CANVA
Business Kerala

ചരിത്രം കുറിച്ച് സ്വര്‍ണതേരോട്ടം, നാല് ദിവസം കൊണ്ട് വര്‍ധന 1,400 രൂപ, ലക്ഷ്യവില ഉയര്‍ത്തി അനലിസ്റ്റുകള്‍

വെള്ളി വില റെക്കോഡില്‍ തുടരുന്നു

Resya Raveendran

ട്രംപ് ഭീതി അനുദിനം കൂടുന്നതോടെ സ്വര്‍ണ വിലയും റെക്കോഡ് ഭേദിച്ച് തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. കേരളത്തില്‍ നാല് ദിവസം കൊണ്ട് പവന്‍ വില 1,400 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,360 രൂപയായി. പവന്‍വില 160 രൂപ ഉയര്‍ന്ന് 66,880 രൂപയുമായി. ഇന്നലെ കുറിച്ച പവന് 66,720 രൂപയെന്ന റെക്കോഡാണ് ഒറ്റരാത്രികൊണ്ട് മറികടന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതോടെ കേരളത്തില്‍ 32 ശതമാനത്തിലധികം വിലവര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

18 കാരറ്റും വെള്ളിയും

കനം കുറഞ്ഞതും കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം വിലയും ഇന്ന് കൂടി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,855 രൂപയിലാണ് വ്യാപാരം.

വെള്ളിവില ഇന്നും റെക്കോഡില്‍ തുടരുന്നു. ഗ്രാമിന് 112 രൂപയിലാണ് വ്യാപാരം.

വിലക്കയറ്റം അവസാനിക്കുന്നില്ല

സ്വര്‍ണ വില കുതിക്കുമ്പോള്‍ നിക്ഷേപകരും കൂടുതല്‍ മുന്നേറ്റം പ്രതീക്ഷിച്ച് നിക്ഷേപം ഉയര്‍ത്തുകയാണ്. അധികം വൈകാതെ 3,100 ഡോളര്‍ കടക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇന്നലെ അന്താരാഷ്ട്ര വില ഔണ്‍സിന് 3,086 ഡോളറിലെത്തി പുതിയ റെക്കോഡ് കുറിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് ഒന്നരശതമാനത്തിലധികമാണ് രാജ്യാന്തര വില ഉയര്‍ന്നത്.

യു.എസിന്റെ അടുത്ത ഘട്ട ചുങ്കം ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരാനിരിക്കുന്നതാണ് അടുത്ത ദിവസങ്ങളിലായി ദിനവും റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണത്തെ കൊണ്ടു പോകുന്നത്.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം നികുതി ഈടാക്കാനുള്ള പ്രഖ്യാപനത്തോട് യൂറോപ്യന്‍ യൂണിയനും കാനഡയും അസന്തുഷ്ടി പ്രകടിപ്പിക്കയും തത്തുല്യ നികുതി ഈടാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഇത് വ്യാപാരയുദ്ധത്തിലേക്ക് ലോകം നീങ്ങുമെന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. അനിശ്ചിതത്വ നാളുകളില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ കാണുന്നത്. ഡിമാന്‍ഡ് കൂടുന്നത് വിലയും ഉയര്‍ത്തും.

കണക്കുകളും നിര്‍ണായകമാകും

അമേരിക്കയിലെ ഉപഭോക്തൃ ചെലവഴിക്കല്‍ സൂചിക (PCE) ഇന്ന് പുറത്തുവരും. ഫെഡറല്‍ റിസര്‍വിന്റെ പലിശ നയത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു സുപ്രധാന ഡാറ്റയാണിത്. യു.എസ് ചുങ്ക ആശങ്കകള്‍ക്കിടെ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ഇത് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്നത് ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരുന്നു. പി.സി.ഇ കുറഞ്ഞാല്‍ നിരക്ക് കുറയ്ക്കല്‍ വേഗത്തിലാക്കുമെന്നും ഇത് സ്വര്‍ണ വില ഉയരാനിടയാക്കുമെന്നുമാണ് കണക്കാക്കുന്നത്.

വിവിധ ലോകരാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഉയര്‍ത്തുകയാണ്. ഇതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 38.24 ശതമാനത്തോളമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇക്കാരണങ്ങളെല്ലാം തുടര്‍ന്നാലും വീണ്ടും ഉയരാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്, ബാങ്ക് ഓഫ് അമേരിക്ക ഈ വര്‍ഷം സ്വര്‍ണവില ഔണ്‍സിന് 3,063 ഡോളര്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം 3,300 ഡോളറാണ്.

ഒരുപവന്‍ ആഭരണത്തിന് മുടക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 77,381 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണ വിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT