സംസ്ഥാനത്ത് റെക്കോഡ് വിലയില്‍ നിന്ന് നേരിയ തോതില്‍ ഇറങ്ങി സ്വര്‍ണം. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,540 രൂപയിലും പവന്‍ വില 120 രൂപ താഴ്ന്ന് 60,320 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് താഴ്ന്നു. ഗ്രാമിന് 10 രൂപ ഇടിവോടെ 6,220 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് പിന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയായി.
സ്വര്‍ണ വില കഴിഞ്ഞ വെള്ളിയാഴ്ച റെക്കോഡ് നിലവാരമായ പവന് 60,440 രൂപ തൊട്ടശേഷം ഇതാദ്യമായാണ് കുറയുന്നത്. യു.എസ് ഡോളര്‍ അഞ്ച് ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് കരകയറിയത് സ്വര്‍ണത്തില്‍ ലാഭമെടുപ്പിന് ഇടയാക്കിയതാണ് വില കുറച്ചത്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,786 രൂപ വരെ എത്തിയിട്ട് 2,758.49 ഡോളറിലേക്ക് താഴ്ന്നു.
സ്വര്‍ണത്തിന്റെ മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് നിക്ഷേപകര്‍ പ്രവചിക്കുന്നത്. യു.എസ് സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ആശങ്കകളും അതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരക്ക് യുദ്ധവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്.
അടുത്ത ബുധനാഴ്ച നടക്കുന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ മീറ്റിംഗിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ. ട്രംപ് ദാവോസ് പ്രസംഗത്തിനിടെ യു.എസ് ഫെഡറല്‍ റിസര്‍വിനോട് പലിശ നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഡോളറിനെ സമ്മര്‍ദ്ദത്തിലാക്കി. വെള്ളിയാഴ്ച ആര ശതമാനത്തോളമാണ് യു.എസ് ഡോളര്‍ ഇന്‍ഡെക്‌സ് ഇടിഞ്ഞത്. ഇതിനിടെ മെക്‌സിക്കോവിനും കാനഡക്കും ഫെബ്രുവരി ഒന്നു മുതല്‍ 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കാനുള്ള ട്രംപിന്റെ തീരുമാനവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടും. ആഗോള വ്യാപാരത്തില്‍ വിള്ളലുണ്ടാക്കാനും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പണപ്പെരുപ്പ സമ്മർദ്ദത്തിലാക്കാനും താരിഫ് വര്‍ധന കളമൊരുക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 60,320 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത്കൃത്യമായി പറഞ്ഞാല്‍ 65,289 രൂപ നല്‍കണം. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine