Business Kerala

ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ വിശ്രമിച്ച് സ്വര്‍ണം, ഇന്ന് വില ഇങ്ങനെ

ഒരാഴ്ചയ്ക്കിടെ 2,560 രൂപയുടെ വര്‍ധന, വെള്ളി വിലയില്‍ ഇന്ന് മുന്നേറ്റം

Resya Raveendran

അമേരിക്കയില്‍ സെപ്റ്റംബറില്‍ അടിസ്ഥാന പലിശ നിരക്ക്  കുറച്ചേക്കാമെന്ന സൂചനകളും മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതിയും ഔണ്‍സിന്  2,509 ഡോളര്‍ എന്ന റെക്കോഡിലെത്തിച്ച രാജ്യാന്തര സ്വര്‍ണ വിലയിൽ  നേരിയ ഇറക്കം. ഇന്നലെ 0.03  ശതമാനം താഴ്ന്ന്‌  2,506.45 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും 0.14 ശതമാനം ഇടിഞ്ഞ് 2,502.89 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട വിലയുടെ ചുവടുപിടിച്ച് കേരളത്തിലും ശനിയാഴ്ച പവന് 840 രൂപ വരെ ഉയര്‍ന്ന് 53,360 രൂപയിലെത്തിയിരുന്നു. ഇന്നും ഇതേ വിലയില്‍ തുടരുകയാണ്. ഗ്രാമിന് വില 6,670 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓഗസ്റ്റ് ഏഴ്, എട്ട് തീയതകളില്‍ രേഖപ്പെടുത്തിയ പവന് 50,800 രൂപയാണ് ഈ മാസത്തെ താഴ്ന്ന വില. ഇതുമായി നോക്കുമ്പോള്‍ 2,560 രൂപയുടെ വര്‍ധനയുണ്ട്.

18 കാരറ്റ് സ്വര്‍ണ വിലയിലും മാറ്റമില്ല. ഗ്രാമിന് 5,515 രൂപ. വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 91 രൂപയിലെത്തി.

ഒരു പവന്‍ ആഭരണത്തിന് ഇന്ന് നല്‍കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. പക്ഷെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം 57,736 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത് ചെലവാക്കേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്തമാണെന്നതിനാല്‍ അഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT