സംസ്ഥാനത്ത് പിടിവിട്ട് കുതിക്കുകയാണ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 87,000 തൊട്ടു. ഗ്രാം വില 10,875 രൂപയുമായി.
ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. ഇന്നലെ രാവിലെ സ്വര്‍ണം വ്യാപാരം തുടങ്ങിയത് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും ഉയര്‍ന്നായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വ്യാപാര സംഘടനകള്‍ വില കുറച്ചിരുന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ്10,765 രൂപയും പവന് വില 640 രൂപ കുറഞ്ഞ് 86,120 രൂപയിലുമായിരുന്നു ഉച്ചയ്ക്ക് ശേഷം സ്വര്‍ണത്തിന്റെ വ്യാപാരം. എന്നാല്‍ ഇന്ന് വീണ്ടും വില കുതിച്ചു കയറുകയാണ്.
ചെറുകാരറ്റുകളുടെ വിലയും ക്രമാനുഗതമായി ഉയരുന്നുണ്ട്. 18 കാരറ്റിന് ഇന്ന് 85 രൂപ വര്‍ധിച്ച് ഗ്രാമിന് 8,940 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാം വില 6,960 രൂപയാണ്. ഒമ്പത് കാരറ്റിന് ഗ്രാമിന് 4,490 രൂപയും.
തുടര്‍ച്ചയായ വില മുന്നേറ്റം കാഴ്ചവച്ച് ഗ്രാമിന് 150 രൂപയെന്ന റെക്കോഡിലെത്തിയ വെള്ളി ഇന്ന് വിശ്രമത്തിലാണ്.
രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കല്‍ ശക്തമായതാണ് ഇന്നലെ വിലയില്‍ കുറവുണ്ടാക്കിയത്. ഇപ്പോള്‍ അമേരിക്കയിലെ ഭരണസ്തംഭന ഭീതിയില്‍ സ്വര്‍ണം വീണ്ടും കയറുകയാണ്. ബജറ്റിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍-ഡെമോക്രാറ്റിക് ധാരണയിലെത്തിയില്ല.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയാണ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. ആഗോള തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. പെട്ടെന്നുള്ള ഈ ഡിമാന്‍ഡ് വിലയിലും വര്‍ധനയുണ്ടാക്കി. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ തുടര്‍ന്നാല്‍ 2026 അവസാനത്തോടെ ഔണ്‍സ് വില 4,300 ഡോളര്‍ വരെ എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്. നിലവില്‍ 3,860 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കേരളത്തില്‍ സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇപ്പോള്‍ 87,000 തൊട്ടിരിക്കുന്നത്. അതായത് ഒരു മാസം കൊണ്ട് 9,360 രൂപയുടെ വര്‍ധന. സ്വര്‍ണ വില പിടിവിട്ട് ഉയരുന്നത് ആഭരണ വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാല വില്‍പ്പനയെ ഇത് മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്. അത്യാവശ്യക്കാര്‍ പോലും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായ വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലി ഉള്ള ആഭരണമാണെങ്കില്‍ ഇത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകും.
Read DhanamOnline in English
Subscribe to Dhanam Magazine