Image : Canva 
Business Kerala

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ! സ്വര്‍ണത്തിന് ഒരു വിഭാഗം കൂട്ടി, മറുവിഭാഗം കുറച്ചു; തൊട്ടടുത്ത കടകളില്‍ പോലും രണ്ടു വില

റെക്കോഡ് വിലയ്ക്ക്‌ അടുത്താണ് കേരളത്തില്‍ ഇന്നും സ്വര്‍ണത്തിന്റെ വ്യാപാരം, വെള്ളി വിലയ്ക്ക് മാറ്റമില്ല

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഇന്നും രണ്ട് വില. ഭീമ ജുവലേഴ്‌സ് ഉടമ ബി.ഗോവിന്ദന്‍ ചെയര്‍മാനായ എ.കെ.ജി.എസ്.എം പവന്‍ വില 360 രൂപ കുറച്ച് 64,160 രൂപയാക്കി. ഗ്രാം വില 45 രൂപ കുറഞ്ഞ് 8,020 രൂപയുമായി.

എസ്.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള സംഘടന ഗ്രാമിന് 10 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പവന്‍ വില 64,480 രൂപയായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 5 രൂപ വര്‍ധിച്ച് 6,635 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുന്നു.

അന്താരാഷ്ട്ര വിലയ്ക്കും രൂപയുടെ വിനിമയ നിരക്കിനും ആനുപാതികമായാണ് വില നിശ്ചയിച്ചതെന്ന് അബ്ദുല്‍നാസര്‍ പറയുന്നു. ഇന്നലെ 10 ഡോളര്‍ ആണ് ഔണ്‍സിന് കൂടിയത്. ഇതനുസരിച്ച് 20 രൂപയാണ് കൂട്ടേണ്ടത്. രൂപ കരുത്ത് ആയതുകൊണ്ട് 10 രൂപയാണ് കൂട്ടിയത്. അതനുസരിച്ചാണ് ഗ്രാം വില 8,060 രൂപ നിശ്ചയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കാന്‍

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡിനടുത്താണ്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ പവന് 64,600 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്. ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലിയും മറ്റ് നികുതികളുമടക്കം കുറഞ്ഞത് 70,000 രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ പണിക്കൂലി അതിന്റെ ഡിസൈന്‍ അനുസരിച്ച് വ്യത്യാസപ്പെടും. 30 ശതമാനം വരെ പണിക്കൂലി വരുന്ന ആഭരണങ്ങളുമുണ്ട്.

സ്വര്‍ണ വിലയെ ബാധിക്കുന്നത്‌

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 2,924 രൂപയിലാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. യു.എസ് ഡോളറിലുണ്ടായ വീഴ്ചയും ആഗോള സമ്പദ്വ്യവസ്ഥ സംബന്ധിച്ച ആശങ്കകളും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവിധ രാജ്യങ്ങള്‍ക്ക് മേലുള്ള ചുങ്ക ഭീഷണിയുമാണ് വില ഉയര്‍ത്തുന്നത്.

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ഇത് വില ഉയര്‍ത്തുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT