Business Kerala

സ്വര്‍ണം കുറിച്ചത് പുതു റെക്കോഡ്, പിന്നില്‍ ട്രംപ് തന്നെ

ഒരു ദിവസത്തെ വിശ്രത്തിനു ശേഷം വിലയിൽ 240 രൂപയുടെ കുതിപ്പ്

Resya Raveendran

വിവാഹ പാർട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് പുതു ചരിത്രം കുറിച്ചു. ഒരു ദിവസത്തെ വിശ്രത്തിനു ശേഷം  ഗ്രാം വില ഇന്ന് 30 രൂപ ഉയര്‍ന്ന് 7,555 രൂപയും പവന്‍ വില 240 രൂപ ഉയര്‍ന്ന് 60,440 രൂപയുമായി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 60,440 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് വീണ്ടും 99 രൂപയിലേക്കെത്തി.

വിലക്കയറ്റത്തിനു പിന്നില്‍ ട്രംപ്

രാജ്യാന്തര സ്വര്‍ണവില ഇന്നലെ നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും ഇന്ന് ഔണ്‍സിന് 2,776.92 ഡോളറിലേക്ക് ഉയര്‍ന്നു. ഒക്ടോബര്‍ 31ന് കുറിച്ച 2,790.41 ഡോളര്‍ എന്ന റെക്കോഡ് ഉടന്‍ മറികടക്കുന്ന സാധ്യതകളാണ് കാണുന്നത്. പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനോട് ആവശ്യപ്പെടുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇന്ന് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. ഫെഡറല്‍ റിസര്‍വുമായി കൊമ്പുകോര്‍ക്കാനൊരുങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. എന്നാല്‍ ഇത് അത്ര എളുമല്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

സൗദി അറേബ്യയോടും ഒപെക് രാജ്യങ്ങളോടും എണ്ണ വില കുറയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും വില കുറച്ചാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനോട് നിര്‍ദേശിക്കുമെന്നുമാണ് ട്രംപ് ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ നടത്തിയ വിര്‍ച്വല്‍ പ്രസംഗത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ യു.എസ് പ്രസിഡന്റിന് ഒപെക്കിനുമേല്‍ അധികാരമില്ല. ഇതിലെ അംഗങ്ങള്‍ക്കാണ് വില സംബന്ധിച്ച തീരുമാനങ്ങളെടുക്കാനാകുക. അതേസമയം, ഫെഡറല്‍ റിസര്‍വിന്റെ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിനു മുമ്പും ട്രംപ് ഉള്‍പ്പെടെയുള്ള പല പ്രസിഡന്റുമാരും ഫെഡറല്‍ റിസര്‍വിനെ പലിശകാര്യത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ആദ്യ കാലയളവില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചത്. യു.എസ് പ്രസിഡന്റിന് പലിശ നിര്‍ണയത്തില്‍ റോള്‍ ഉണ്ടാകണമെന്ന് ഓഗസ്റ്റില്‍ നടന്ന ക്യാംപെയിനിലും ട്രംപ് സൂചിപ്പിച്ചിരുന്നു.

രാജ്യത്ത് വില ഇനിയും ഉയരുമോ?

കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചിരുന്നു. ഇത് ഇറക്കുമതി വര്‍ധിക്കാനും അതു വഴി വ്യാപാര കമ്മി ഉയരാനും ഇടയാക്കിയിരുന്നു. അതിനാല്‍ ഫെബ്രുവരി ഒന്നിനു നടക്കുന്ന കേന്ദ്ര ബജറ്റില്‍ തീരുവ വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. നികുതി കൂടിയാല്‍ വീണ്ടും ആഭ്യന്തര വില വര്‍ധിച്ചേക്കും. ഇതുകൂടാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിശേ നിക്ഷേപരുടെ പിന്‍മാറ്റം തുടരുന്നത് രൂപയുടെ മൂല്യം ഇടിക്കുകയും സ്വര്‍ണ വില കൂട്ടുകയും ചെയ്യും.

അമേരിക്കയില്‍ ട്രംപ് സ്വീകരിക്കുന്ന നയങ്ങളും വിലയെ ബാധിക്കും. രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്നത് വ്യാപാര യുദ്ധത്തിന് കളമൊരുക്കുകയും സ്വര്‍ണ വില വര്‍ധിപ്പിക്കുകയും ചെയ്യാം. ക്രിപ്‌റ്റോ കറന്‍സിയെ പ്രോത്സാഹിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളും സ്വര്‍ണ വില ഉയര്‍ത്തും.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നത് സ്വര്‍ണത്തിന്റെ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ട്രംപിന്റെ നയങ്ങളെ കുറിച്ചുള്ള ആശങ്കയാണ് വിപണിയെ ബാധിക്കുന്നത്.

ആഭരണത്തിന് വില ഇങ്ങനെ 

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 60,440 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 65,500 രൂപയ്ക്ക് മുകളില്‍ നല്‍കണം. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കുമെന്നത് മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT