Image : Canva 
Business Kerala

മണിക്കൂറുകള്‍ക്കകം തിരിച്ചു കയറി സ്വര്‍ണ വില, ഒറ്റയടിക്ക് കൂടിയത് 400 രൂപ, കുതിപ്പിന്റെ തുടക്കമോ?

രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും വില വര്‍ധന

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വന്‍ കയറ്റം. ഗ്രാം വില 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന്‍ വില 400 രൂപ വര്‍ധിച്ച് 95,880 രൂപയുമായി.

ഇന്ന് രാവിലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞായിരുന്നു വ്യാപാരം ആരംഭിച്ചത്.

യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും വ്യാപാര മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ വില കുറച്ച് നിര്‍ത്തി വ്യാപാരം ആരംഭിക്കുകയായിരുന്നു കേരളത്തിലെ വ്യാപാരികള്‍. രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4,214 ഡോളര്‍ ആയിരുന്നു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇപ്പോള്‍ അത് 4,217 ഡോളറില്‍ എത്തി. രൂപയുടെ വിനിമയ നിരക്ക് രാവിലെ 89.97 ആയിരുന്നത് ഉച്ചയ്ക്ക് ശേഷം 90.41.ലെത്തി.

രൂപ 50 പൈസയോളം ദുര്‍ബലമായതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണം

ചെറുകാരറ്റുകള്‍ക്കും വില വര്‍ധന

കനം കുറഞ്ഞതും കല്ലു പതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 9,855 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,675 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 20 രൂപയുമാണ് പുതുക്കിയ വില.

വില ഇനി ഉയരുമോ?

അമേരിക്കന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ആശങ്കകളും വലിയ കടബാധ്യതകളും സാമ്പത്തിക നയങ്ങളിലെ അനിശ്ചിതത്വവും കാരണം നിക്ഷേപകര്‍ ഡോളറില്‍ നിന്നും സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.

ഉക്രെയ്ന്‍ ചര്‍ച്ചകള്‍, ആഗോള തീരുവ തര്‍ക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ പിരിമുറുക്കങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതെല്ലാം സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT