പ്രതീകാത്മക ചിത്രം AI assisted image
Business Kerala

സ‍ഡൻ ബ്രേക്കിട്ട് സ്വ‌ർണം; ഉത്രാട ദിനത്തിൽ നേരിയ വിലക്കുറവ്; ഇന്ന് പവന് ₹160 കുറഞ്ഞു; വെള്ളിക്ക് മാറ്റമില്ല

ആറ് ദിവസത്തിന് ശേഷം സ്വർണ വില താഴേക്ക്; ഇന്ന് പവന് ₹160 താഴ്ന്നു

Dhanam News Desk

ആറു ദിവസത്തിന് ശേഷം സ്വർണ വിലയിൽനേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 15,010 രൂപയും പവന് 1,20,080 രൂപയുമായി കുറഞ്ഞപ്പോൾ, താഴ്ന്ന കാരറ്റുകളിലും ചെറിയ കുറവ് ഉണ്ടായി. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപ തുടർന്നു. നികുതി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ചേർത്ത് ഒരു പവൻ ആഭരണത്തിന് ഏകദേശം 1,30,040 രൂപയെങ്കിലും ചെലവാകും.

കഴിഞ്ഞ ഒരാഴ്ചയോളമായി ശക്തമായി മുന്നേറുകയായിരുന്ന സ്വർണ വിലയിൽ ഉത്രാട ദിനമായ ഇന്ന് (ഓ​ഗസ്റ്റ് 25) ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ താഴ്ന്ന് പുതുക്കിയ വില 15,010 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 160 രൂപ കുറഞ്ഞ് പുതിയ വില 1,20,080 രൂപയായും രേഖപ്പെടുത്തി.

ആറ് ദിവസങ്ങൾക്ക് ശേഷമാണ് കേരളത്തിലെ സ്വർണ വിപണിയിൽ നേരിയതെങ്കിൽ പോലും വിലയിടിവ് കുറിക്കുന്നത്. നിലവിൽ സ്വർണ വില മൂന്ന് മാസക്കാലത്തെ ഉയർന്ന നിലവാരത്തിലാണുള്ളത്. കഴി‌ഞ്ഞ ഒരാഴ്ച കൊണ്ട് ഒരു പവന്റെ വിലയിൽ 6,440 രൂപയുടെയും ഓ​ഗസ്റ്റ് മാസം തുടക്കത്തിൽ രേഖപ്പെടുത്തിയ താഴ്ന്ന വിലയിൽ നിന്നും 14,480 രൂപയുടെയും വർധന കുറിച്ചിട്ടുണ്ട്.

താഴ്ന്ന കാരറ്റിലുള്ള സ്വർണത്തിന്റെ നിരക്കുകളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ താഴ്ന്ന് 12,335 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങളിൽ ഏറെ ഡിമാൻഡുള്ള 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് പുതിയ വില 9,600 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 10 രൂപ താഴ്ന്ന് 6,190 രൂപയായും കുറിച്ചു.

അതേസമയം വെള്ളി വിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. ഇന്നത്തെ വ്യാപാരത്തിലും ഒരു ​ഗ്രാം വെള്ളിയുടെ നിരക്ക് 260 രൂപയിൽ തന്നെ തുടരുന്നു. ആനുപാതികമായി 10 ​ഗ്രാം വെള്ളിയുടെ വില 2,600 രൂപയായും 100 ​ഗ്രാം വെള്ളിക്ക് 26,000 രൂപയും ഒരു കിലോ​ഗ്രാം വെളളിയുടെ നിരക്ക് 2,60,000 രൂപയായും കുറിച്ചു.

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ എത്രയാകും?

ചൊവ്വാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന 3 ശതമാനം നികുതിയും 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലും അതിന്മേലുള്ള 18 ശതമാനം നികുതിയും ഒക്കെ കൂട്ടിച്ചേര്‍ത്ത് 1,30,040 രൂപയെങ്കിലും നൽകിയാലാണ് 22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം ഇപ്പോൾ വാങ്ങാൻ സാധിക്കുക. ആഭരണങ്ങളുടെ ഡിസൈനിൽ വരുന്ന മാറ്റങ്ങളനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT