സംസ്ഥാനത്ത് സ്വര്‍ണ വില അതിവേഗം തിരിച്ചു കയറുന്നു. ഇന്ന് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 10,585 രൂപയും പവന് 360 രൂപ വര്‍ധിച്ച് 84,860 രൂപയുമായി. ഇന്നലെയും ഗ്രാം വില 35 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ രണ്ടു ദിവസം കൊണ്ട് 680 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 84,840 രൂപയിലെത്തി റെക്കോഡിട്ട സ്വര്‍ണം തൊട്ടടുത്ത ദിവസം ഗ്രാമിന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് അതിവേഗം തിരിച്ചു കയറുകയായിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,700 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 6,765 രൂപയും 9 കാരറ്റിന് 4,365 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 144 രൂപയില്‍ തുടരുന്നു.
അന്താരാഷ്ട്ര വില 3800 ഡോളര്‍ കടക്കുമെന്ന പ്രതീക്ഷയില്‍ ലാഭമെടുപ്പ് നടത്തിയതും യു.എസ് സമ്പദ് ഘടനയ്ക്ക് അനുകൂലമായ പല ഡേറ്റകളും വരുമെന്ന സൂചനകളുമായിരുന്നു കഴിഞ്ഞ ദിവസം വിലയില്‍ ഇടിവുണ്ടാക്കിയത്. എന്നാല്‍ ഭൗമ രാഷ്ടീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതും യു.എസ് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന വാതുവെപ്പുകളും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് കാരണമാകുന്നു. യു.എസില്‍ പണപ്പെരുപ്പം വിപണിയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാണെന്നത് പലിശനിരക്ക് കുറക്കാൻ പ്രേരിപ്പിച്ചേക്കും.
യു.എസിലെ ഓഗസ്റ്റിലെ ഉപഭോക്തൃ ചെലവഴിക്കല്‍ സൂചികകളും പ്രതീക്ഷയ്‌ക്കൊത്താണ്. ഇതും സ്വര്‍ണത്തിന് അനുകൂലമാണ്. ഇന്നലെ 3,783 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 3,760 ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വ്യാപാരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍കൊണ്ട് 50 ശതമാനത്തോളമാണ് സ്വര്‍ണ വില വര്‍ധിച്ചത്. ചെറിയ തിരുത്തലുകളുണ്ടായാലും വില ഇനിയും മുന്നേറുമെന്നു തന്നെയാണ് വിലയിരുത്തലുകള്‍. സെപ്റ്റംബര്‍ 23ന് കുറിച്ച ഔണ്‍സിന് 3,791.11 ഡോളറില്‍ നിന്ന് 4,800 ഡോളര്‍ വരെ ഉയരാനുള്ള സാധ്യതകളാണ് പലരും പ്രവചിക്കുന്നത്. അതായ് 26 ശതമാനം വരെ വില ഉയര്‍ന്നേക്കാം. ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപമൊഴുക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നതും മഞ്ഞലോഹത്തിന്റെ കരുത്ത് കാണിക്കുന്നുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84,860 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതില്‍ കൂടുതല്‍ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 91,500 രൂപയ്ക്ക് മുകളിലാകും.
Read DhanamOnline in English
Subscribe to Dhanam Magazine