യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറിച്ചില്ലെങ്കിലും ഈ വര്‍ഷം രണ്ട് തവണ കുറയ്ക്കുമെന്ന സൂചന നല്‍കിയതോടെ രാജ്യാന്തര സ്വര്‍ണ വില ഇന്ന് 3,056 ഡോളര്‍ കടന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും വില പുതിയ റെക്കോഡിട്ടു.
ഗ്രാം വില 20 രൂപ ഉയര്‍ന്ന് 8,310 രൂപയും പവന്‍ വില 160 രൂപ ഉയര്‍ന്ന് 66,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ച്ചയിലാണ്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,825 രൂപയിലാണ് വ്യാപാരം.
ഇന്നലെ കുറിച്ച പവന് 66,480 രൂപയുടെ റെക്കോഡാണ് ഇന്ന് സ്വര്‍ണം മറികടന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഉയരുന്നത്. പവന് 720 രൂപയുടെ വര്‍ധനയും ഈ ദിവസങ്ങളിലായി രേഖപ്പെടുത്തി. വെള്ളി വില ഇന്ന് ഒരു രൂപ വര്‍ധിച്ച് പുതിയ റെക്കോഡ് കുറിച്ചു, ഗ്രാമിന് 112 രൂപയിലാണ് വ്യാപാരം.
കേരളത്തില്‍ ഇത് വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണത്തിന്റെ കുതിപ്പ് ആശങ്കയിലാക്കുന്നത് കല്യാണ വീടുകളെയാണ്. മാര്‍ച്ചില്‍ ഇതുവരെ 2,960 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണ വിലയ്ക്കപ്പുറം ജി.എസ്.ടി , ഹാള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി തുടങ്ങിയ ചെലവുകളും കൂടി കണ്ടെത്തേണ്ടി വരും. ഇന്നത്തെ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി കൂട്ടിയാല്‍ പോലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 72,000 രൂപ വരും. അതായത് ഇന്നത്തെ സ്വര്‍ണ വിലയേക്കാള്‍ 5,471 രൂപ അധികം നല്‍കണം. 25 പവന്‍ വാങ്ങുന്നവരെ സംബന്ധിച്ച് 1,36,775 രൂപയോളം കൂടുതലായി കൈവശം കരുതണം.
സാമ്പത്തിക-വ്യാപാര അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനാല്‍ ഇനിയും സ്വര്‍ണ വില ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. പശ്ചിമേഷ്യയിലെ യുദ്ധ ഭീതി, അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്ക ഭീഷണി, കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ സ്വര്‍ണ വിലയെ സമീപ ഭാവിയില്‍ ബാധിക്കും.
ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ പലിശ കുറയ്ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കടപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ അനാകര്‍ഷകമാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. ഇതും സ്വര്‍ണ വില ഉയര്‍ത്താനിടയാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine