AdobeStocks
Business Kerala

തീരുവപ്പേടിയിൽ സ്വർണ മുന്നേറ്റം, പവന് ₹ 400 കൂടി, ആഭരണം വാങ്ങാന്‍ പോകുന്നവര്‍ കൂടുതല്‍ തുക കരുതണം

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 9,060 രൂപയും പവന്‍ വില 400 രൂപ കൂടി 72,480 രൂപയിലുമെത്തി.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,430 രൂപയിലാണ് വ്യാപാരം. വെള്ളി വിലയില്‍ ഇന്നും അനക്കമില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.

തീരുവ പേടിയില്‍

ട്രംപിന്റെ തീരുവ പ്രഖ്യാപന പേടിയാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. വിവിധ രാജ്യങ്ങള്‍ക്ക് ഏപ്രില്‍ ആദ്യം പ്രഖ്യാപിച്ചതില്‍ നിന്ന് തീരുവ നിരക്കില്‍ വലിയ മാറ്റമില്ലാത്തത് സ്വര്‍ണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഉയര്‍ത്തുകയാണ്.

ലോക വാണിജ്യരംഗം മന്ദഗതിയിലാകുമെന്നും പല രാജ്യങ്ങളും മാന്ദ്യത്തിലാകുമെന്നുമുള്ള ഭീതി സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. വീണ്ടും റെക്കോഡ് നിലവാരത്തിനടുത്തേക്ക് സ്വര്‍ണ വില നീങ്ങാന്‍ ഇത് ഇടയാക്കുമെന്നാണ് കരുതുന്നത്. ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,504 ഡോളറിലേക്കോ അതിനു മുകളിലോ വില എത്തിയെന്നും വരാം. ഇന്നലെ 3,300 ഡോളറിനു താഴെയെത്തിയ സ്വര്‍ണം തീരുവ പ്രഖ്യാപനത്തിന് ശേഷം 3,337 ഡോളറിലേക്ക് ഉയര്‍ന്നു. ഇന്ന് 3,335 ഡോളറിലാണ് വ്യാപാരം. ഇനിയും ചര്‍ച്ചയ്ക്ക് അവസരമുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് കുതിപ്പിന് ലേശം ആശ്വാസം പകര്‍ന്നത്.

ഇന്നത്തെ പവന്‍ വില

ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി. അഞ്ച് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്നത്തെ വിലയനുസരിച്ച് 78,440 രൂപയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT