Business Kerala

റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ഇഫക്ട് സ്വര്‍ണത്തില്‍ ഇത്ര മാത്രമോ? ₹70,000ല്‍ താഴെയെന്ന് സമാശ്വസിക്കാം; പക്ഷേ, ഒരു പവന്‍ സ്വര്‍ണാഭരണത്തിന് അത്രയും പോരല്ലോ...

കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ കരകയറിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍

Dhanam News Desk

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയിലെത്തി. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ സ്വര്‍ണം പവന് 280 രൂപ വര്‍ധിച്ച് 70,040 രൂപയിലെത്തിയിരുന്നു. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140 രൂപയായി. വെള്ളി വിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.

റഷ്യ-യുക്രെയിന്‍ വെടിനിറുത്തല്‍

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു. യുക്രെയിന്‍ യുദ്ധത്തില്‍ വെടിനിറുത്തലിന് തയ്യാറാണെന്ന് പുടിന്‍ ട്രംപിനെ അറിയിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിറുത്തല്‍ കരാറിലെത്തുമെന്ന പ്രതീക്ഷ, സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവരുടെ മനസ് മാറ്റുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ കരകയറിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചു. മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നതാണ് കാരണം. ആഗോള താരിഫ് യുദ്ധം, ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങള്‍, യു.എസ് ഫെഡ് റിസര്‍വ് റേറ്റ് കുറക്കുമെന്ന പ്രതീക്ഷ എന്നിവ മൂലം കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. നിലവില്‍ ഔണ്‍സിന് 15.66 ഡോളര്‍ (0.48%) കുറഞ്ഞ് 3,213.89 ഡോളര്‍ എന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വ്യാപാരം.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 75,412 രൂപയെങ്കിലും വേണം. ഒരു പവന്‍ സ്വര്‍ണത്തിന് 69,680 രൂപയാണ് വിലയെങ്കിലും പണിക്കൂലിയും നികുതിയും അടക്കമാണ് ഈ തുക. സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണത്തിന്റെ വ്യാപാര വില നിശ്ചയിക്കുന്നത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈനും മോഡലും അനുസരിച്ച് ഈ വിലയിലും മാറ്റം വരുമെന്നതാണ് സത്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT