സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് അസാധാരണ കുതിപ്പ്. ഗ്രാം വില ഒറ്റയടിക്ക് 395 രൂപ വര്‍ധിച്ച് 14,600 രൂപയായി. പവന്‍ വില 3,160 രൂപ ഉയര്‍ന്ന് 1,16,800 രൂപയുമായി.
ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി ഉയര്‍ന്നു. 18 കാരറ്റിന് ഗ്രാമിന് 325 രൂപ വര്‍ധിച്ച് 11,995 രൂപയും 14 കാരറ്റിന് ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9,340 രൂപയുമായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 165 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില ഗ്രാമിന് 6,025 രൂപയിലെത്തി. വെള്ളി വിലയും കുതിച്ചു കയറി. ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ ഉയര്‍ന്ന് 255 രൂപയിലിലാണ് വ്യാപാരം.
രാജ്യന്താര സ്വര്‍ണ വില ഇന്നലെ നാല് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഔണ്‍സിന് 4,524.70 ഡോളര്‍ വരെ ഉയര്‍ന്നു. ഇന്ന് വില 4,497 ലേക്ക് താഴ്ന്നിട്ടുണ്ട്.
ദീര്‍ഘകാല കടപ്പത്രങ്ങള്‍ തിരികെ വാങ്ങുന്നതിനുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, യു.എസ് ട്രഷറി ബോണ്ട് യീല്‍ഡ് കുറഞ്ഞതാണ് സ്വര്‍ണവില രണ്ട് മാസത്തെ ഉയര്‍ന്ന നിലവാരത്തിന് അടുത്ത് എത്തിച്ചത്.
ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകി. എങ്കിലും, യു.എസ് ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പത്തിനെതിരെ കൈക്കൊള്ളുന്ന കര്‍ശന നിലപാടിനെക്കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും പശ്ചിമേഷ്യയിലെ സൈനിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം വിപണിയില്‍ ഭയവും അസ്ഥിരതയും ഉണ്ടാകുമ്പോള്‍, നിക്ഷേപകര്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമായി സ്വര്‍ണത്തെ കാണുന്നതും വില വര്‍ധിക്കാന്‍ കാരണമായി.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,26,489 രൂപയാകും.
രാജ്യത്തെ സ്വര്‍ണ വിപണിയില്‍ ആവശ്യകത ക്രമേണ മെച്ചപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാനിരിക്കുന്ന ഉത്സവ-വിവാഹ സീസണില്‍ ശക്തമായ വ്യാപാര സാധ്യതകളാണ് പ്രതീക്ഷിക്കുന്നതെന്ന് കെജിഎസ്എംഎ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഉയര്‍ന്ന വിലനിലവാരം ആഭരണ വാങ്ങലുകളെ ഒരു പരിധിവരെ സ്വാധീനിക്കാമെങ്കിലും, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വിപണിക്ക് ശക്തമായ പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിക്ഷേപ രംഗത്ത് സ്വര്‍ണത്തോടുള്ള താല്‍പര്യം തുടരുകയാണ്. സ്വര്‍ണ ETF-കളിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ഒഴുകുന്നുണ്ട്. സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ട ഉയര്‍ന്ന നിലവാരത്തേക്കാള്‍ നേരിയ തോതില്‍ കുറഞ്ഞെങ്കിലും സ്ഥിരത നിലനിര്‍ത്തുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
Gold prices in Kerala registered a massive jump today as global rates surged amid weak US Dollar and West Asian tensions.
Read DhanamOnline in English
Subscribe to Dhanam Magazine