Business Kerala

വിവാഹ വിപണിയില്‍ കാര്‍മേഘം പടര്‍ത്തി സ്വര്‍ണത്തിന്റെ നീക്കം, രണ്ട് ദിവസത്തില്‍ 640 രൂപയുടെ വര്‍ധന

വെള്ളി വിലയ്ക്ക് നാലാം നാളും മാറ്റമില്ല

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും മുന്നേറ്റം തുടരുന്നു. ഗ്രാം വില 30 രൂപ ഉയര്‍ന്ന് 7,970 രൂപയും പവന്‍ വില 240 രൂപ ഉയര്‍ന്ന് 63,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 6,555 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിവസത്തിനുള്ളില്‍ 640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 400 രൂപ വര്‍ധിച്ചിരുന്നു.

വെള്ളിവിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം.

വില വര്‍ധനയ്ക്ക് പിന്നില്‍

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ തത്തുല്യ നികുതി (റെസിപ്രോക്കല്‍ നികുതി) ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയും ഡോളറിന്റെ വീഴ്ചയുമാണ് സ്വര്‍ണത്തെ മുന്നേറ്റത്തിലാക്കുന്നത്. ഇന്നലെ ഡോളര്‍ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി. ഇത് വിദേശ കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ അവസരം നല്‍കുന്നു. താരിഫ്, വ്യാപാര യുദ്ധത്തില്‍ സുരക്ഷിത നിക്ഷേപമായി കണ്ട് കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറാന്‍ ഇത് കാരണമാകും. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഏപ്രില്‍ രണ്ടോടുകൂടി പുതിയ ചുങ്കം പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചന നല്‍കിയത് പുതിയ ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്.

നിലവില്‍ ഔണ്‍സിന് 2,908 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഫെബ്രുവരി 14ന് വില 2,883.18 ഡോളറിലേക്ക് താഴ്ന്നതിനു ശേഷമാണ് തിരിച്ചു കയറ്റം. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളില്‍ നിന്ന് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നത് സ്വര്‍ണ വില അധികം താമസിയാതെ 3,000 ഡോളറില്‍ എത്തിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കേരളത്തില്‍ ആഭരണത്തിന് മുടക്കേണ്ടത്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,760 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 69,010 രൂപയാകും. പണിക്കൂലി 10 ശതമാനമാനം വരുന്ന ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില 72,293 രൂപയുമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT