Image created with Chatgpt 
Business Kerala

'ചൈന ഷോക്കി'ന് ശേഷം അനങ്ങാതെ സ്വര്‍ണം, അമേരിക്കന്‍ കാറ്റും എതിര്; മാറ്റമില്ലാതെ വെള്ളിയും

2020 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ശനിയാഴ്ചയുണ്ടായത്

Resya Raveendran

കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ വലിയ ഇടിവിനു ശേഷം ഇന്ന് മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില.  ഗ്രാം വില 6,570 രൂപയിലും പവന്‍ വില 52,560 രൂപയിലും  തുടരുന്നു. 18 ഗ്രാം സ്വര്‍ണ വിലയും ഗ്രാമിന് 5,470 രൂപയില്‍ തുടരുകയാണ്. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 96 രൂപ.

ശനിയാഴ്ച പവന് 1,520 രൂപയുടെ കുറവാണുണ്ടായത്. 2020 ഓഗസ്റ്റ് 12ന് ശേഷം രേഖപ്പെടുത്തിയ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ഇടിവാണിത്. അന്ന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

വഴിയൊരുക്കി ചൈനയും അമേരിക്കയും 

ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങല്‍ തത്കാലം നിറുത്തിവച്ചതാണ് പ്രധാനമായും സ്വര്‍ണ വിപണിയില്‍ വിലയിടിച്ചത്. ഇതോടെ വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ വില മൂന്നര ശതമാനത്തിലധികം ഇടിഞ്ഞ് 2,323 ഡോളറിലെത്തിയിരുന്നു. ഇന്ന് രാവിലെ സ്വര്‍ണ വില ഔണ്‍സിന് 2,300 ഡോളര്‍ വരെ കയറിയിട്ട് 2,297 ലേക്ക് താഴ്ന്നു.

കഴിഞ്ഞ മേയ് വരെയുള്ള  18 മാസമായി ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചു പോരുകയായിരുന്നു. ഇതാണ് അപ്രതീക്ഷിതമായി താത്കാലത്തേക്ക് നിറുത്തിയത്. അതോടൊപ്പം അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴില്‍ നല്‍കിയത് വഴി പണപ്പെരുപ്പ നിരക്കിലുണ്ടായ സമ്മര്‍ദ്ദത്തെ ചെറിയതോതില്‍ മറികടക്കാനായതും സ്വര്‍ണവില ഇടിയാന്‍ ഇടിയാക്കി. സ്വര്‍ണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം. ഇതില്‍ മാറ്റം വരുന്നത് ഡിമാന്‍ഡ് കുറയാനും വിലയിടിനും ഇടയാക്കും.

ആശങ്കയായി ഇവയും 

അമേരിക്കയില്‍ പണപ്പെരുപ്പ് തോത് കുറയുന്നതിനാല്‍ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്  പലിശ നിരക്ക് ഉടന്‍ കുറച്ചേക്കില്ല  എന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഇതു കൂടാതെ ഇസ്രായേല്‍-ഹമാസ് വെടി നിര്‍ത്തലിനുള്ള സമ്മര്‍ദ്ദം, വില ഉയര്‍ന്ന് നില്‍ക്കുന്നതു മൂലമുള്ള ഡിമാൻഡ്  കുറവ് എന്നിവയും വിലയിടിവിന് വഴിവയ്ക്കുന്നുണ്ട്.

കേരളത്തില്‍ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6.890 രൂപയും പവന് 55,120 രൂപയുമാണ് ഇതുവരെയുള്ള ഉയർന്ന വില. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT