Business Kerala

വ്യാപാര കരാര്‍ ആശങ്കയില്‍ സ്വര്‍ണ വിലക്കയറ്റം, മൂന്നാം ദിവസവും മേല്‍പോട്ട്, പവന് മൂന്നു ദിവസം കൊണ്ട് കൂടിയത് ₹1,520; ഇനിയും കയറുമോ?

വെള്ളി വിലയ്ക്ക് നാലാംനാള്‍ അനക്കം, ഗ്രാം വില 116 രൂപ

Resya Raveendran

യു.എസ് -ഇന്ത്യ വ്യാപാരക്കരാറിനെ കുറിച്ചുള്ള ആശങ്കയില്‍ സ്വര്‍ണം മേലേക്ക്. കേരളത്തില്‍ ഇന്ന് ഗ്രാം വില 40 രൂപ ഉയര്‍ന്ന് 9,105 രൂപയും പവന്‍ വില 320 രൂപ വര്‍ധിച്ച് 72,840 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണം മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. വെറും മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായത് 1,520 രൂപയുടെ വര്‍ധന. പശ്ചിമേഷ്യന്‍ വെടിനിര്‍ത്തലിനു പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ പവന്‍ വിലയില്‍ 3,240 രൂപയോളം കുറവ് വന്നിരുന്നു.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 7,470 രൂപയിലാണ് വ്യാപാരം. ഇക്കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയില്‍ ഇന്ന് നേരിയ വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 116 രൂപയിലെത്തി.

വ്യാപാരക്കരാറില്‍ നീക്കുപോക്കായില്ല

ഇന്ത്യയ്ക്ക് വലിയ നേട്ടമുണ്ടാകുന്ന തരത്തിലൊരു വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ജൂലൈ ഒന്നിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്തിമ കരാര്‍ എങ്ങനെയായിരിക്കുമെന്നതില്‍ വ്യക്തത വരുത്താത്തത് ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതി ചുങ്കത്തിന് ഏര്‍പ്പെടുത്തിയ താത്കാലിക ആശ്വാസം ജൂലൈ ഒമ്പതിന് അവസാനിക്കാനിരിക്കെ യു.എസുമായി നിരന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ യു.എസില്‍ നിന്ന് പാല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതിലെ ഉദാരതയില്‍ തട്ടി നില്‍ക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനൊപ്പം ഡോളറിന്റെ വില ഇടിവുമൂലം വീണ്ടും ഡിമാന്‍ഡ് ഉയര്‍ന്നതും വില ഉയര്‍ത്താന്‍ കാരണമാകുന്നുണ്ട്. അതേസമയം യു.എസ് പേ റോള്‍ കണക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നത് വലിയ മുന്നേറ്റത്തില്‍ നിന്ന് സ്വര്‍ണത്തെ തടയുന്നുമുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ് യു.എസിലെ തൊഴില്‍കണക്കുകള്‍. സ്വര്‍ണത്തിന്റെ സമീപകാല മുന്നേറ്റത്തില്‍ ഇത് മുഖ്യ പങ്കുവഹിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണങ്ങള്‍. മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ രണ്ട് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഔണ്‍സിന് 3,349 ഡോളറിലാണ് വ്യാപാരം.

ആഭരണം വാങ്ങുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോ!

ഇന്ന് ഒരു പവന്റെ വിലയാണ് 72,840 രൂപ. ഒരു പവന്‍ ആഭരണത്തിന് ഈ വില മതിയാകില്ല. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്നത്തെ വിലയനുസരിച്ച് 82,580 രൂപയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT