തീരുവ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റത്തിന് ഇടയാക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 9,075 രൂപയും പവന് 440 രൂപ വര്‍ധിച്ച് 72,600 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,435 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് വീണ്ടും 118 രൂപയിലെത്തി. വെള്ളി വില ഇന്ന് കിലോയ്ക്ക് ആദ്യമായി 1.10 ലക്ഷം രൂപ കടന്നിരിക്കുകയാണ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം കൊടുമ്പിരികൊള്ളുന്നത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാനും പണപ്പെരുപ്പം ഉയരാനും ഇടയുണ്ടെന്ന ആശങ്കകള്‍ സ്വര്‍ണത്തെ വീണ്ടും സുരക്ഷിത നിക്ഷേപ പദവിയിലേക്ക് ഉയര്‍ത്തുകയാണ്. അതേസമയം, ഡോളര്‍ കരുത്താര്‍ജിച്ചത് മഞ്ഞലോഹത്തിന്റെ കുതിപ്പിന് ചെറുതായി കടിഞ്ഞാണിട്ടു. ഡോളര്‍ സൂചിക 0.2 ശതമാനം ഉയര്‍ന്ന് 97.88ലെത്തിയിരുന്നു. ഡോളര്‍ ഉയരുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാക്കും. തല്‍ഫലമായി ഡിമാന്‍ഡ് കുറയുകയും വിലയെ ബാധിക്കുകയും ചെയ്യും.
കാനഡയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 35 ശതമാനം നികുതി ചുമത്തുമെന്ന് ഇന്നലെ ട്രംപ് അറിയിച്ചിരുന്നു.
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഇനിയും അന്തിമമായിട്ടില്ല. ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള സംഘം ഉടന്‍ യു.എസിന് പോയേക്കും.
ഇറക്കുമതി ചുങ്കം മാറ്റി നിര്‍ത്തിയാല്‍ യു.എസില്‍ നിന്നുള്ള പണപ്പെരുപ്പക്കണക്കുകളും ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കിനെ കുറിച്ചുള്ള തീരുമാനങ്ങളുമായിരിക്കും സമീപ ഭാവയില്‍ സ്വര്‍ണത്തിന്റെ ഗതി നിര്‍ണയിക്കുക.
സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഭാവിയിലെ ഉയര്‍ന്ന വില കണക്കിലെടുത്ത് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഭരണമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇടിവിന് കാത്തിരിക്കുകയോ നിലവിലെ നിരക്കില്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തുകയോ ചെയ്യാം.
ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 82,500 രൂപയ്ക്കടുത്ത് വേണ്ടി വരും. സ്വര്‍ണവിലക്കൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണങ്ങള്‍ക്ക് വിലയിടുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാലാണ് ഈ വില. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുത്താല്‍ വില വീണ്ടും ഉയരും.
Read DhanamOnline in English
Subscribe to Dhanam Magazine