canva
Business Kerala

സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു, ഇന്നും റെക്കോഡ്; ഉത്സവ സീസണിനെ തുടര്‍ന്ന് ജുവലറികളില്‍ തിരക്കിന് കുറവില്ല

18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 9,360 രൂപയാണ്

Dhanam News Desk

സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ് മുന്നേറ്റം തുടരുകയാണ്. ഇന്നൊരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 20 രൂപയാണ്. ഗ്രാം വില 11,380 രൂപ. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ വര്‍ധിച്ച് 9,360 രൂപയാണ്. വെള്ളിവില ഇന്ന് ഒരു രൂപ ഉയര്‍ന്ന് 164 രൂപയായി.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,000 ഡോളര്‍ ഇന്നലെ കടന്നിരുന്നു. ഔണ്‍സിന് 4,025 ഡോളറിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നത് ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. നിലവിലെ വിപണി സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടുതൽ മുന്നോട്ട് പോകാനാണ് സാധ്യതയെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്നുള്ള പ്രതീക്ഷകൾ സ്വർണ്ണത്തിന് അനുകൂലമാണ്. പലിശ കുറയുമ്പോൾ ഡോളർ ദുർബലമാവുകയും സ്വർണ്ണത്തിൽ നിക്ഷേപം കൂടുകയും ചെയ്യും. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങുന്നത് തുടരുന്നത് വിലയെ ശക്തമായി താങ്ങിനിർത്തുന്നു.

വില 4,000 ഡോളറിന് മുകളിൽ എത്തിയതിനാൽ, വരും ദിവസങ്ങളില്‍ ചെറിയ തോതിലുള്ള ലാഭമെടുക്കൽ കാരണം നേരിയ വിലയിടിവുകളോ ചാഞ്ചാട്ടങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

സ്വര്‍ണ വില ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവില്ല. വില വര്‍ധന ഇനിയും തുടരുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 98,513 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.

Gold price update october 09, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT