Business Kerala

കേരളത്തില്‍ ഇന്നും സ്വര്‍ണ വിലക്കയറ്റം, പവന്‍ വില ₹75,000ത്തിന് മുകളില്‍, വെള്ളിയും മുന്നോട്ട്, വിലകുതിപ്പ് എത്ര വരെ?

18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 9,380 രൂപയും പവന്‍ വില 80 രൂപ ഉയര്‍ന്ന് 75,040 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. ജൂലൈ 23നാണ് ആദ്യം ഈ നിലവാരം തൊടുന്നത്.

18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,700 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് 5,995 രൂപയും ഒമ്പത് കാരറ്റിന് 3,865 രൂപയുമാണ് വില.

വെള്ളി വിലയും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 121 രൂപയായി.

രാജ്യാന്തര വിലയ്‌ക്കൊപ്പം

കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്നലെ ഒറ്റയടിക്ക് പവന് 640 രൂപ വര്‍ധിച്ചിരുന്നു. രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണ വിലയുടെ മുന്നേറ്റം. ഔണ്‍സിന് ഇന്നലെ 3,390 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് ഔണ്‍സ് വില 15 ഡോളറോളം ഇടിഞ്ഞ് 3,375 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നത്തെ ഇടിവല്ലെങ്കില്‍ കേരളത്തില്‍ കേരളത്തില്‍ കൂടുതല്‍ വില മുന്നേറ്റത്തിന് കാരണമാകുമായിരുന്നു.

സെപ്റ്റംബറില്‍ നടക്കുന്ന പണനയ യോഗത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നത്. പലിശ നിരക്കില്‍ കുറവുണ്ടായാല്‍ ബാങ്ക് നിക്ഷേപങ്ങളും കടപ്പത്രങ്ങളും ആകര്‍ഷകമല്ലാതാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയും ചെയ്യും. കഴിഞ്ഞ മാസത്തെ യു.എസ് തൊഴില്‍ കണക്ക് പുറത്തുവന്നതിനെ തുടര്‍ന്ന് പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തൊഴില്‍നിരക്കില്‍ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ട്രംപിന്റെ വ്യാപാരയുദ്ധവും സ്വര്‍ണത്തില്‍ മുന്നേറ്റത്തിന് വഴിയൊരുക്കുന്നുണ്ട്. അധികം വൈകാതെ രാജ്യാന്തര സ്വര്‍ണ വില 3,440 ഡോളര്‍ എത്തുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍ വില 76,000 കടക്കാനാണ് സാധ്യത.

ആഭരണപ്രേമികള്‍ അറിയാന്‍

കേരളത്തില്‍ ഇന്ന് ഒരു പവന് 75,040 രൂപയാണെങ്കിലും ഇതേ തൂക്കത്തില്‍ ആഭരണം വാങ്ങണമെങ്കില്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം പണിക്കൂലി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, മറ്റ് നികുതികള്‍ എന്നിവയും ചേര്‍ത്താണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് സാധാരണ ഗതിയില്‍ പണിക്കൂലി. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ സ്വര്‍ണത്തിന് 81,200 രൂപയ്ക്ക് മുകളില്‍ വരും. അതായത് ഇന്ന് ആഭരണം വാങ്ങാന്‍ പോകുന്നവര്‍ സ്വര്‍ണ വിലയേക്കാള്‍ ആറായിരം രൂപയിലധികം കൈയില്‍ കരുതേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT