തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ വില ഇടിവുമായി സ്വര്‍ണം. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് ഒറ്റയടിക്ക് 240 രൂപയും പവന് 1,920 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 14,520 രൂപയും പവന്‍ വില 1,14,240 രൂപയുമായി. ഇതോടെ വീണ്ടും ഗ്രാം വില 15,000 രൂപയ്ക്ക് താഴെയെത്തി. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് ഇപ്പോഴത്തെ സ്വര്‍ണത്തിന്റെ നീക്കമെങ്കിലും നിക്ഷേപമായി കാണുന്നവര്‍ക്ക് വലിയ ആശങ്കയാകുന്നുണ്ട്. വില ഉയരുമെന്ന പ്രതീക്ഷയില്‍ പലരും അടുത്ത കാലത്തായി വലിയ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജനുവരി 29 ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും എത്തി റെക്കോഡിട്ട ശേഷമാണ് സ്വര്‍ണത്തിന്റെ കുത്തനെയുള്ള ഇടിവ്. റെക്കോഡ് വിലയില്‍ നിന്ന് പവന് 16,920 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ചെറുകാരറ്റുകളുടെ വിലയും സമാനമായി കുറഞ്ഞിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,890 രൂപയുമാണ് നിലവില്‍ വില.
വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 280 രൂപയിലെത്തി.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞതാണ് കേരളത്തിലും വിലക്കുറവുണ്ടാക്കിയത്. ഔണ്‍സിന് 5,100 ഡോളറില്‍ നിന്ന് 4,920 ഡോളറിലേക്ക് വില താഴ്ന്നു. അതേസമയം ഇന്ന് 4,997 ഡോളര്‍ വരെ ഉയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണവില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. കുറഞ്ഞ വിലയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയര്‍ത്തിയത്.
ഓഹരി വിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് പണം കണ്ടെത്താനായി നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിച്ചതാണ് വ്യാഴാഴ്ച വില കുറയാന്‍ കാരണമായത്. എന്നാല്‍ വെള്ളിയാഴ്ച വില കുറഞ്ഞ സാഹചര്യത്തില്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് മടങ്ങിയത് വില ഉയര്‍ത്തി.
അമേരിക്കയിലെ തൊഴില്‍ വിപണിയില്‍ നിന്നുള്ള ശക്തമായ കണക്കുകള്‍ പുറത്തുവന്നത് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായി. ജനുവരിയിലെ കണക്കുകള്‍ പ്രകാരം 1,30,000 പുതിയ തൊഴിലവസരങ്ങളാണ് യുഎസില്‍ ഉണ്ടായത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറയുകയും ചെയ്തു.
പലിശനിരക്ക് കുറയ്ക്കുന്നത് ജൂണിന് പകരം ജൂലൈ മാസത്തിലേക്ക് നീളാനാണ് നിലവില്‍ സാധ്യതയെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ (Inflation Data) സ്വര്‍ണവിലയുടെ ഭാവി ചലനങ്ങളില്‍ നിര്‍ണായകമാകും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,240 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,29,716 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine