gold merchants Image courtesy : AdobeStocks
Business Kerala

ഉച്ചയ്ക്കുശേഷവും സ്വർണവില താഴ്ന്നു; പവന് ₹400 കുറഞ്ഞു; എന്തുകൊണ്ട് വില ഇടിയുന്നു?

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഇതോടെ ബുധനാഴ്ച മുതലിങ്ങോട്ടുള്ള മൂന്ന് ദിവസത്തിനിടെ ​ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയും വീതമാണ് വിലക്കുറവ് നേരിട്ടത്.

Dhanam News Desk

സംസ്ഥാന വിപണിയിൽ സ്വർണ നിരക്കുകളിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസത്തേതിൽ നിന്നും ഇടിവ് രേഖപ്പെടുത്തിയാണ് ഇന്ന് (2026 മാർച്ച് 13) രാവിലെ വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്കു ശേഷവും സ്വർണ വിലയിൽ ഇടിവ് നേരിട്ടു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 50 രൂപയും ഒരു പവനിൽ 400 രൂപയും വീതമാണ് ഉച്ചയ്ക്ക് ശേഷം കുറവ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 14,730 രൂപയും ഒരു പവന് 1,17,840 രൂപയും വീതമാണ് പുതുക്കിയ വിപണി വില.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ കുറഞ്ഞ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിപണി വില 12,100 രൂപയായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 30 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 9,425 രൂപയിലേക്കും എത്തിച്ചേർന്നു. അതുപോലെ 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,075 രൂപയുമായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാമിന് 280 രൂപയിൽ തന്നെ വില തുടരുന്നു.

എന്തുകൊണ്ട് വില ഇടിവ്?

രാജ്യാന്തര വിപണിയിൽ ഇന്നത്തെ വ്യാപാരത്തിനിടെ സ്വർണത്തിന് തിരിച്ചടി നേരിട്ടു. ഇന്ന് രാവിലെ ഒരു ഔൺസ് സ്വർണത്തിന്റെ വില 5,132 ഡോളർ നിലവാരത്തിലായിരുന്നു എങ്കിൽ ഉച്ചയ്ക്ക് ശേഷം സ്വർണ വില 5,066 ഡോളറിലേക്ക് താഴ്ന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ വിലയിൽ മാറ്റമുണ്ടാകുന്നത്.

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടന്നിട്ടും സംഘർഷത്തിന് ശമനമില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള ​ചരക്ക് കടത്ത് തടസ്സപ്പെട്ടതോടെ ക്രൂഡോയിൽ വില 100 ഡോളർ മറികടന്നു. ഇത് പണപ്പെരുപ്പം ഉയർത്തുമെന്ന ആശങ്കയുയർത്തുന്നു. അതിനാൽ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ ഇനി തയ്യാറായേക്കില്ല എന്ന നി​ഗമനവും ശക്തമായി. ഇത് ഡോളറിന്റെ മൂല്യം വർധിപ്പിക്കുന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിലെ ഏറിയപങ്ക് വ്യാപാരവും ഡോളറിലായതിനാൽ ഇത് ചെലവേറ്റുന്ന ഘടകമാണ്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

സ്വർണ നിരക്കിൽ വീണ്ടും ഇടിവുണ്ടായതോടെ, പുതിയ വിപണി വിലക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം (22 കാരറ്റ്) വാങ്ങുന്നതിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 1,21,428 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT