Business Kerala

താഴെയിറങ്ങാന്‍ മടിച്ച് മടിച്ച് സ്വര്‍ണം, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

ആഗോളതലത്തിൽ യുദ്ധഭീതി ഒഴിഞ്ഞത് വില കുറയാൻ കാരണമായി; അതേസമയം യുഎസിലെ ദുർബലമായ തൊഴിൽ കണക്കുകൾ സ്വർണത്തിന് കരുത്താകുന്നു.

Dhanam News Desk

തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,520 രൂപയായും ഗ്രാം വില 13,440 രൂപയായും മാറി. കഴിഞ്ഞ ശനിയാഴ്ചയും പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയിലെ ലാഭമെടുപ്പും വിലയിടിവുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.

രാജ്യാന്തര വിപണിയിൽ സംഭവിച്ചത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണവില വലിയ മുന്നേറ്റമാണ് നടത്തിയിരുന്നത്. എന്നാൽ ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 0.19 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,175 ഡോളറിലേക്ക് താണു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ഔൺസിന് 4,201 ഡോളർ വരെ ഉയർന്ന ശേഷമാണ് ഈ ഇടിവുണ്ടായത്. ആഗോളതലത്തിൽ നിലനിന്നിരുന്ന യുദ്ധഭീതിക്ക് നേരിയ ശമനമുണ്ടായതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണീയത ഒരല്പം കുറച്ചതും വില താഴാൻ കാരണമായതും.

യുഎസ് കണക്കുകളും ഫെഡ് തീരുമാനങ്ങളും

സ്വർണവിലയിൽ വലിയ ഇടിവുണ്ടാകാതെ പിടിച്ചുനിർത്തുന്നത് അമേരിക്കയിൽ നിന്നുള്ള പുതിയ സാമ്പത്തിക സൂചനകളാണ്. ജൂൺ മാസത്തിലെ അമേരിക്കയിലെ തൊഴിൽ കണക്കുകൾ പുറത്തുവന്നപ്പോൾ കേവലം 57,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. വിപണി പ്രതീക്ഷിച്ചതിലും വളരെ കുറവായ ഈ നിരക്ക് യുഎസ് സാമ്പത്തിക രംഗം നേരിടുന്ന മന്ദഗതിയെയാണ് കാണിക്കുന്നത്.

ഇതോടെ വരും ദിവസങ്ങളിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകൾ മങ്ങി. സാധാരണയായി പലിശനിരക്ക് ഉയർത്താത്ത സാഹചര്യം സ്വർണ നിക്ഷേപങ്ങളിലേക്ക് കൂടുതൽ ഫണ്ട് എത്തുന്നതിന് കാരണമാകാറുണ്ട്. കൂടാതെ, അമേരിക്കൻ ഡോളർ സൂചികയിലുണ്ടായ ഇടിവ് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചെലവ് കുറച്ചതും നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിക്കുന്നുണ്ട്.

18 കാരറ്റും വെള്ളിയും

14, 18 കാരറ്റ് സ്വർണവിലയിലും ഇന്ന് സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,045 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 8,605 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,550 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, സ്വർണം നേരിയ തിരുത്തൽ നേരിട്ടപ്പോൾ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ടായി. ഗ്രാമിന് 5 രൂപ വർധിച്ച് 245 രൂപയായാണ് വെള്ളി വില ഉയർന്നത്.

Kerala gold prices witness a marginal correction tracking global market shifts, while weak US jobs data provides cushion.

SCROLL FOR NEXT