Business Kerala

യുദ്ധ ഭീതിക്കിടയിലും കേരളത്തില്‍ സ്വര്‍ണ വിലയില്‍ ആശ്വാസം, ഇന്ന് വാങ്ങണോ, കാത്തിരിക്കണോ?

വെള്ളി വില നാലാം നാളും ഉറച്ചു തന്നെ

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9,230 രൂപയും പവന് 40 രൂപ താഴ്ന്ന് 73,840 രൂപയുമായി.

18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7,570 രൂപയിലാണ് വ്യാപാരം. തുടര്‍ച്ചയായ നാലാം ദിവസും വെള്ളി വിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് ഇന്ന് വില്‍പ്പന.

വിലയിടിവിന് പിന്നില്‍

അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നല 0.14 ശതമാനം ഉയര്‍ന്ന് 3,372 ഡോളറിലെത്തിയെങ്കിലും ഇന്ന് 0.21 ശതമാനം ഇടിഞ്ഞ് 3,365.58 ഡോളറിലാണ് വ്യാപാരം. ഇറാനെതിരെ ഇസ്രായേലിനൊപ്പം ചേര്‍ന്ന യു.എസ് ഇന്നലെ ഇറാന്റെ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചതാണ് സ്വര്‍ണത്തില്‍ പെട്ടെന്ന് ഒരു റാലിക്കിടയാക്കിയത്. ഇറാനില്‍ നിന്നുള്ള നീക്കങ്ങള്‍ക്കായാണ് വിപണി ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രതീക്ഷിച്ച പോലുള്ള പ്രതികരണം ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതു മൂല്യം സ്വര്‍ണം വലിയ മുന്നേറ്റം പിന്നീട് കാഴ്ചവച്ചില്ല.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ജൂണിലെ യു.എസിലെ എസ് ആന്‍ഡ് പി ഗ്ലോബല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (PMI) കണക്കുകള്‍ ഇന്ന് പുറത്തുവരുന്നതാണ് നിക്ഷേപകരുടെ ശ്രദ്ധ നേടുന്നത്. യു.എസ് ഇക്കോണിയുടെ കരുത്ത് സൂചിപ്പിക്കുന്നതാണ് പി.എം.ഐ കണക്കുകള്‍. സമ്പദ് വ്യവസ്ഥ കരുത്തുകാട്ടിയാല്‍ ഡോളര്‍ ഉയരുകയും സ്വര്‍ണത്തിന് ചെറിയ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്‌തേക്കാം. നേരേ മറിച്ചായാല്‍ ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയും സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് ഇടയാക്കുകയും ചെയ്യും. ജൂലൈ ആദ്യം തന്നെ നിരക്ക് കുറയ്ക്കാവുന്ന അവസ്ഥയിലാണെന്ന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലര്‍ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,840 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 80,000 രൂപയ്ക്കടുത്താകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 83,000 രൂപയ്ക്ക് മുകളിലാകും വില.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT