സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവു തുടരുന്നു. ഗ്രാമിന് ഇന്ന് 285 രൂപ താഴ്ന്ന് 15,080 രൂപയായി. പവന്‍ വില 2,280 രൂപ ഇടിഞ്ഞ് 1,20,640 രൂപയുമായി. ഇന്നലെ രണ്ട് തവണയായി ഗ്രാം വിലയില്‍ 265 രൂപയും പവന്‍ വിലയില്‍ 2,120 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വര്‍ണ വിലയിലുണ്ടായിരിക്കുന്നത് 4,400 രൂപയുടെ കുറവ്.
ചെറുകാരറ്റുകളുടെ വിലയിലും ആനുപാതികമായ കുറവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 12,390 രൂപയായി. 14 കാരറ്റിന് 185 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 115 രൂപയും കുറഞ്ഞ് വില യഥാക്രമം 9,645 രൂപ, 6,220 രൂപ എന്നീ നിലവാരത്തിലെത്തി.
വെള്ളി വിലയും താഴേക്ക് പോയി. ഗ്രാമിന് ഇന്നലെ 2,950 രൂപയായിരുന്നത് ഒറ്റയടിക്ക് 2,850 രൂപയിലേക്ക് കൂപ്പുകുത്തി.
യു.എസ് ഡോളര്‍ കരുത്ത് നേടിയതാണ് സ്വര്‍ണം, വെള്ളി വിലകള്‍ കുത്തനെ ഇടിയാന്‍ കാരണം. ഡോളര്‍ ഇന്‍ഡെക്‌സ് നിലവില്‍ 99.19 ലെത്തിയിരിക്കുകയാണ്. ഇത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചെലവേറിയതാക്കും. അതുമൂലം നിക്ഷേപകര്‍ വാങ്ങാന്‍ തയാറാകാത്തതാണ് വിലയിടിവിന് കാരണമാകുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നത് സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകമാണെങ്കിലും ഡോളര്‍ കയറി നില്‍ക്കുന്നത് സ്വര്‍ണത്തെ വലിയ കയറ്റത്തില്‍ നിന്ന് തടയുന്നു. ഹോര്‍മുസ് കടലിടുക്ക് അയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കയെത്തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധി, ഉയര്‍ന്ന പണപ്പെരുപ്പ സാധ്യതകള്‍ക്കും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനും കാരണമായി. ഇത് സ്വര്‍ണം പോലുള്ള പലിശ ഇതര നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇന്നലെ നാലര ശതമാനത്തോളം ഇടിഞ്ഞ് ഔണ്‍സ് വില 5,087 ഡോളറിലെത്തി.
അതേസമയം, ഇന്ന് ഔണ്‍സ് വില 5,175 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്. ഇറാന്‍ യുദ്ധഭീതിയെത്തുടര്‍ന്ന്, താഴ്ന്ന വിലയില്‍ സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നതാണ് ഇതിനു കാരണം. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച ആഗോള അനിശ്ചിതത്വത്തിന്റെയും വിപണിയിലെ പരിഭ്രാന്തിയുടെയും പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ നല്‍കുന്നത്.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, യുഎസ്-ഇസ്രായേല്‍ സേനകള്‍ കഴിഞ്ഞ നാല് ദിവസമായി ഇറാനെതിരെ ആക്രമണം നടത്തുകയാണ്; ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെയും സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎസ് എംബസികളെയും ലക്ഷ്യം വെച്ചിട്ടുണ്ട്.
ഇറാന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാവുകയും ആഗോള വിപണിയില്‍ വീണ്ടും സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത ശക്തമാവുകയും ചെയ്താല്‍, സ്വര്‍ണവിലയിലെ കുതിപ്പ് തുടരാന്‍ സാധ്യതയുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,640 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താല്‍ ഏകദേശം 1,36,980 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold prices drop sharply in Kerala due to a stronger US dollar, though Middle East tensions may support future price gains.
Read DhanamOnline in English
Subscribe to Dhanam Magazine