Envato
Business Kerala

സ്വർണം ഇനി ലക്ഷപ്രഭു അല്ല! പവന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തി; ഇങ്ങനെ സ്വർണ വില ഇടിയുന്നത് എന്തുകൊണ്ട്?

2026 ജനുവരി 5-ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്.

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് (2026 മാ‌ർച്ച് 23) ഉച്ചയ്ക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 400 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില 12,435 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 3,200 രൂപ ഇടിഞ്ഞ് ഉച്ചയ്ക്കുശേഷം വിപണി വില 99,480 രൂപയിലേക്ക് താഴ്ന്നു. ഇതോടെ കേരള വിപണിയിൽ ഒരു പവന്റെ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. 2026 ജനുവരി 5-ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്.

അതുപോലെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 325 രൂപ താഴ്ന്ന് വിപണി വില 10,225 രൂപയിലേക്ക് എത്തിച്ചേർന്നു. സമാനമായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 255 രൂപ കുറഞ്ഞ് വില 7,965 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 165 രൂപ കുറഞ്ഞ് വിപണി വില 5,135 രൂപയുമായി.

സ്വർണം കുത്തനെ താഴേക്ക്

2026 ജനുവരി 29-ന് രാവിലത്തെ വ്യാപാരത്തിൽ രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാന ചരിത്രത്തിൽ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. അതുപോലെ ഈമാസം സ്വർണത്തിൽ കുറിച്ച ഏറ്റവും കൂടിയ വില 1,26,920 രൂപയാണ്. ഇത് മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ വിലയാണ്. അതായത് കഴിഞ്ഞ 23 ദിവസത്തിനിടെ സ്വർണ വില താഴേക്ക് കൂപ്പുകുത്തിയത് 27,440 രൂപയാണ്. സമാനമായി ഒരു ​ഗ്രാം സ്വർണത്തിൽ ഈമാസം നേരിട്ട വിലത്തകർച്ച 3,430 രൂപയാകുന്നു.

തിങ്കളാഴ്ച രാവിലെ പവന് 4,360 രൂപയും ​ഗ്രാമിന് 545 രൂപയും വീതം കുറഞ്ഞുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്കുശേഷം പവന് 3,200 രൂപയും ​ഗ്രാമിന് 400 രൂപയും വീതം കുറവ് രേഖപ്പെടുത്തി. അതായത് തിങ്കളാഴ്ച മണിക്കുറുകളുടെ വ്യത്യാസത്തിൽ മാത്രം പവന് 7,560 രൂപയും ​ഗ്രാമിന് 945 രൂപയുടെയും ഇടിവ് നേരിട്ടുവെന്ന് സാരം.

സ്വർണം - എന്തുകൊണ്ട് ഇടിയുന്നു?

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് നേരിടുന്ന വിലത്തകർച്ചയുടെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. ഡോളർ മൂല്യം കരുത്താർജിക്കുന്നതും പലിശ നിരക്ക് ഉടനെ താഴാത്തതിനാൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയർന്നുനിൽക്കാനുള്ള സാധ്യതയും സ്വർണത്തിന് മങ്ങലേൽപ്പിക്കുന്ന സാഹചര്യമാണ്. കൂടാതെ പശ്ചിമേഷ്യൻ യുദ്ധം എന്ന് അവസാനിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നത് കാരണം ക്രൂഡോയിൽ വില മുന്നേറാനുള്ള പശ്ചാത്തലം കാരണം നിക്ഷേപക താത്പര്യം അങ്ങോട്ടേക്ക് വഴിമാറുന്നതും സ്വർണത്തിന് തിരിച്ചടിയേകുന്നു. നിലവിൽ രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വിപണി വില 4,500 ഡോളറിന് താഴെയാണുള്ളത്.

ഗോൾഡ് ലോൺ ഓഹരികളിലും തിരിച്ചടി

തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികളിലും വൻ തിരിച്ചടി. പ്രമുഖ കേരള ലി​സ്റ്റഡ് കമ്പനികളും രാജ്യത്തെ മുൻനിര ​ഗോൾഡ് ലോൺ കമ്പനികളുമായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഓഹരികളിൽ നാല് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. മുത്തൂറ്റ് ഫിനാൻസ് ആറ് ശതമാനത്തിലേറെ ഇടിഞ്ഞ് 3,100 രൂപ നിലവാരത്തിലും മണപ്പുറം ഫിനാൻസ് നാല് ശതമാനത്തിലേറെ താഴ്ന്ന് 248 രൂപ നിലവാരത്തിലുമാണ് വ്യാപാരം ഇപ്പോൾ പുരോ​ഗമിക്കുന്നത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,02,518 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT