gold  canva
Business Kerala

ഏഴാം ദിനവും ഇടിവ്; സ്വർണവില ഈ മാസത്തെ താഴ്ന്ന നിലയിൽ; ഇന്ന് പവന് കുറഞ്ഞത് ₹360

ഈ മാസം ഇതുവരെയായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 10,200 രൂപയും ഒരു ​ഗ്രാമിന് 1,275 രൂപ വീതവും ഇടിവ് രേഖപ്പെടുത്തി.

Dhanam News Desk

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്ന് (2026 മാർച്ച് 16) 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 45 രൂപ താഴ്ന്ന് 14,590 രൂപയിലേക്ക് എത്തിച്ചേർന്നു. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയായി. സ്വർണത്തിന് ഈ മാസം ഇതുവരെയായി രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കുകളാണിത്.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 11,985 രൂപയായി. അതുപോലെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 30 രൂപ താഴ്ന്ന് പുതിയ വില 9,335 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,020 രൂപയിലേക്കും എത്തിച്ചേർന്നു.

എന്തുകൊണ്ട് വിലയിടിവ്?

രാജ്യാന്തര വിപണിയിൽ സ്വർണക്കുതിപ്പ് മങ്ങിയതോടെ ആഭ്യന്തര വിപണിയിലും നിരക്കുകൾ താഴ്ന്നിരിക്കുകയാണ്. യു.എസ് ഡോളർ ശക്തിയാർജിച്ചതും യു.എസിൽ ഉടനെ പലിശ നിരക്ക് താഴില്ലെന്ന നി​ഗമനം കാരണം സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് താരതമ്യേന ഉയർന്നു നിൽക്കുന്നതും പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള ക്രൂ‍ഡോയിൽ വിലക്കയറ്റവും ഒക്കെയാണ് സ്വർണ വില കുറയാൻ ഇടയാക്കുന്ന പ്രധാന ഘടകങ്ങൾ.

ഈ മാസം കുറഞ്ഞത് 10,200 രൂപ

കഴിഞ്ഞ ആറ് ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ മാസത്തെ താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തിച്ചേർന്നു. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇന്നത്തെ വിപണി വില 1,16,720 രൂപയും. അതായത് ഈ മാസം ഇതുവരെയായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 10,200 രൂപയും ഒരു ​ഗ്രാമിന് 1,275 രൂപ വീതവും ഇടിവ് രേഖപ്പെടുത്തിയെന്ന് സാരം.

വെള്ളി നിരക്കും താഴ്ന്നു

സംസ്ഥാനത്തെ വിപണിയിൽ വെള്ളി വിലയും ഇന്ന് താഴ്ന്നു. ഒരു ​ഗ്രാം വെള്ളിക്ക് 5 രൂപ കുറഞ്ഞ് പുതുക്കിയ വിപണി വില ​ഗ്രാമിന് 270 രൂപയായി. ഇതോടെ തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 10 ​ഗ്രാം വെള്ളിക്ക് 2,700 രൂപയും 100 ​ഗ്രാം വെള്ളിയുടെ നിരക്ക് 27,000 രൂപയായും ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 2,70,000 രൂപയായും രേഖപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും വെള്ളിയിൽ വിലയിടിവ് കുറിച്ചിരുന്നു.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ചയും സ്വർണ വിലയിൽ കുറവുണ്ടായതോടെ, പുതിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,20,275 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT