സംസ്ഥാന വിപണിയിൽ സ്വർണത്തിന്റെ നിരക്കുകളിൽ ഇന്ന് (2026 മാർച്ച് 11) കടുത്ത ചാഞ്ചാട്ടം. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ വർധന രേഖപ്പെടുത്തിയെങ്കിലും വൈകീട്ടോടെ സ്വർണ വിലയിൽ ഇടിവ് നേരിട്ടു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപയും ഇതിന്റെ ഒരു പവന് 440 രൂപ വീതവും ബുധനാഴ്ച വൈകീട്ട് കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതുക്കിയ വിപണി വില ഒരു ഗ്രാമിന് 14,915 രൂപയും പവന് 1,19,320 രൂപയും വീതമാകുന്നു.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് പുതിയ നിരക്ക് 12,255 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 9,540 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ താഴ്ന്ന് 6,150 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 290 രൂപയും ആനുപാതികമായി 10 ഗ്രാം വെള്ളിയുടെ വില 2,900 രൂപയിലും തുടരുന്നു.
പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യുഎസ് സഖ്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വിലയിൽ മുന്നേറ്റമുണ്ടായതും യു.എസ് ഡോളർ ശക്തിയാർജിച്ചതും കാരണം രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. യുദ്ധം രൂക്ഷമായിട്ടും സുരക്ഷിത നിക്ഷേപമെന്ന മേൽവിലാസമുള്ള സ്വർണത്തിൽ വലിയ കുതിപ്പുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ന് രാവിലെ ഒരു ഔൺസ് സ്വർണത്തിന്റെ വില 5,231 ഡോളർ വരെ ഉയർന്നുവെങ്കിലും ഉച്ചയ്ക്കു ശേഷം 5,200 നിലവാരം തകർത്ത് താഴേക്ക് വീണു.
ബുധനാഴ്ച വൈകീട്ടോടെ സ്വർണ നിരക്കുകളിൽ മാറ്റമുണ്ടായതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേലുള്ള 18 ശതമാനം ജിഎസ്ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,22,953 രൂപയെങ്കിലും നൽകേണ്ടിവരും. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine