gold merchants Image courtesy : AdobeStocks
Business Kerala

സ്വർണത്തിൽ കടുത്ത ചാഞ്ചാട്ടം; വൈകിട്ട് വില വർധന; പവന് ₹1,600 കൂടി; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ഇന്ന് നേരിട്ട രണ്ട് വലിയ ഇടിവുകൾക്ക് ശേഷം വൈകിട്ട് സ്വർണ വിലയിൽ വർധന കുറിച്ചു. എന്നിരുന്നാലും ഞായറാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവന് 5,960 രൂപ ഇപ്പോഴും താഴെയാണുള്ളത്.

Dhanam News Desk

സംസ്ഥാന വിപണിയിൽ സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നത്തെ (2026 മാർച്ച് 23) വ്യാപാരത്തിനിടെ രണ്ട് തവണ കനത്ത ഇടിവ് രേഖപ്പെടുത്തിയശേഷം വൈകിട്ടോടെ സ്വർണത്തിൽ വില വർധന രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 200 രൂപ ഉയർന്ന് പുതിയ വില 12,635 രൂപയായി നിശ്ചയിച്ചു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,600 രൂപ വർധിച്ച് 1,01,080 രൂപയിലേക്കും എത്തിച്ചേർന്നു.

ഇതോടെ കേരളത്തിൽ പവന്റെ വിപണി വില വീണ്ടും ഒരു ലക്ഷത്തിന് മുകളിലേക്ക് മടങ്ങിയെത്തി. എന്നിരുന്നാലും മൂന്നര മാസത്തെ താഴ്ന്ന നിലയിലാണ് സംസ്ഥാനത്തെ സ്വർണ നിരക്കുകൾ ഇപ്പോഴുമുള്ളത്. അതേസമയം കേരളത്തിലെ പ്രമുഖ സ്വർണ വ്യാപാരി സംഘടനകളായ എ.കെ.​ജി.എസ്.എം.എ.യുടേയും കെ.ജി.എസ്.എം.എ.യുടേയും കീഴിലുള്ള ജൂവൽറികളിൽ വൈകിട്ട് തന്നെ സ്വർണത്തിന്റെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായിട്ടുണ്ട്.

അതുപോലെ തിങ്കളാഴ്ച വൈകിട്ട് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 165 രൂപ വർധിച്ച് പുതുക്കിയ വിപണി വില 10,390 രൂപയായി രേഖപ്പെടുത്തി. സമാനമായി 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 125 രൂപ ഉയർന്ന് വില 8,090 രൂപയിലേക്കും എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 85 രൂപ വർധിച്ച് പുതുക്കിയ വില 5,220 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാമിന് 230 രൂപ നിരക്കിൽ തുടരുന്നു.

ഇന്ന് കനത്ത ചാഞ്ചാട്ടം

22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 4,360 രൂപയും ​ഗ്രാമിന് 545 രൂപയും വീതം താഴ്ന്നാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്കുശേഷം പവന് 3,200 രൂപയും ​ഗ്രാമിന് 400 രൂപയും വീതം വീണ്ടും ഇടിവ് രേഖപ്പെടുത്തി. എന്നാൽ വൈകിട്ടോടെ സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തി. എന്നിരുന്നാലും ഞായറാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവന് 5,960 രൂപയും ​ഗ്രാമിന് 745 രൂപയും വീതം ഇപ്പോഴും താഴെയാണെന്ന് സാരം.

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ (സ്പോട്ട് മാർക്കറ്റ്) ഒരു ഔൺസ് സ്വർണത്തിന് 4,400 ഡോളർ നിലവാരത്തിലാണ് വ്യാപാരം ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഇന്ന് നേരത്തെ 4,100 ഡോളർ നിലവാരത്തിലേക്ക് സ്വർണ വില കൂപ്പുകുത്തിയിരുന്നു. ഇവിടെ നിന്നും നില മെച്ചപ്പെടുത്തിയതിനെ തുടർന്നാണ് കേരളത്തിലും വൈകിട്ടോടെ വില വർധന കുറിച്ചത്.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

തിങ്കളാഴ്ച വൈകിട്ടും സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,04,166 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT