Business Kerala

പുതിയ കുതിപ്പിനൊരുങ്ങി സ്വര്‍ണം, വീണ്ടും ₹15,000 കടന്ന് ഗ്രാം വില, രണ്ട് ദിവസം കൊണ്ട് 440 രൂപയുടെ വര്‍ധന

വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്

Dhanam News Desk

സ്വര്‍ണ വില വീണ്ടും പുതിയ കുതിപ്പില്‍. ഇന്ന് ഗ്രാം വില 290 രൂപ ഉയര്‍ന്ന് 15,100 രൂപയും പവന്‍ വില 2,320 രൂപ ഉയര്‍ന്ന് 1,20,800 രൂപയിലുമെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഗ്രാം വിലയില്‍ 440 രൂപയും പവന്‍ വിലയില്‍ 3,520 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ വില വര്‍ധനയോടെ ഗ്രാം വില വീണ്ടും 15,000 രൂപയ്ക്ക് മുകളിലെത്തി. ഫെബ്രുവരിയില്‍ ഇതാദ്യമായാണ് ഗ്രാം വില 15,000 രൂപ കടക്കുന്നത്. ജനുവരി 30 ന് ആയിരുന്നു ഇതിനു മുന്‍പ് ഈ നിലവാരം പിന്നിട്ടത്. കേരളത്തില്‍ സ്വര്‍ണത്തിന്റെ റെക്കോഡ് വില ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ്.

ചെറുകാരറ്റുകളുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 12,405 രൂപയായി. 14 കാരറ്റിന് 185 രൂപ ഉയര്‍ന്ന് 9,660 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 115 രൂപ ഉയര്‍ന്ന് 6,225 രൂപയിലുമാണ് ഇന്ന് രാവിലെ വ്യാപാരം. വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 2,950 രൂപയിലെത്തി.

ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലവില്‍ക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വീണ്ടും കരുത്താര്‍ജിച്ചതാണ് വിലയില്‍ ഉയര്‍ച്ചയുണ്ടാക്കുന്നത്. ഇന്നലെ ഔണ്‍സ് വില 90 ഡോളറിലധികം ഉയര്‍ന്ന് 5,277.90 ഡോളറിലെത്തി.

അതേസമയം, ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് വലിയ കയറ്റത്തില്‍ നിന്ന് സ്വര്‍ണത്തിനെ വിലക്കുന്നുണ്ട്.

നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ജനുവരിയിലെ യുഎസ് പണപ്പെരുപ്പ സൂചികയായ പിപിഐ (ജജക) റിപ്പോര്‍ട്ടിലേക്കാണ്. ഡിസംബറിലെ റിപ്പോര്‍ട്ടില്‍ 0.5% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സ്ഥാനത്ത്, ജനുവരിയില്‍ ഇത് 0.3% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണവും ഊര്‍ജ്ജവും ഒഴിവാക്കിയുള്ള പിപിഐയും ഡിസംബറിലെ 0.7 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 0.3 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.

ഇന്ന് കേരളത്തില്‍ ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ ആ തുക മതിയാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുക. അത് പ്രകാരം ഇന്ന് ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 1,37,161. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT