Image : Canva 
Business Kerala

ഇറാന്‍ ആക്രമണത്തില്‍ പറന്ന് സ്വര്‍ണം, കേരളത്തില്‍ ഇന്ന് ഒറ്റദിവസത്തെ വര്‍ധന 5,240 രൂപ!

ഇറാനെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും ചേർന്ന് സൈനിക ആക്രമണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ് സ്ഥിരീകരിച്ചു

Dhanam News Desk

ഇറാനില്‍ ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. കേരളത്തില്‍ ഗ്രാം വില 365 രൂപ വര്‍ധിച്ച് 15,465 രൂപയും പവന്‍ വില 2,920 രൂപ ഉയര്‍ന്ന് 1,23,720 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ ഉയര്‍ന്ന് 12,705 രൂപും 14 കാരറ്റിന് 9,890 രൂപയും ഒമ്പത് കാരറ്റിന് 6,375 രൂപയുമാണ് വില.

ഇന്ന് രാവിലെ ഗ്രാമിന് 290 രൂപയും പവന് 2,320 രൂപയും ഉയര്‍ന്നായിരുന്നു വ്യാപാരം ആരംഭിച്ചത്. യുദ്ധ ഭീതി ഉയര്‍ന്നതോടെ അന്താരാഷ്ട്ര വിലയ്ക്കപ്പം വില പുനര്‍നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഇന്ന് ഒറ്റ ദിവസം പവന്‍ വിലയില്‍ 5,240 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

സുരക്ഷിത പെരുമ വീണ്ടെടുത്ത് സ്വര്‍ണം

ഇറാനില്‍ ആക്രമണം ഉണ്ടായതോടെ സുരക്ഷിത നിക്ഷേപമെന്നനിലയിലേക്ക് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മിസൈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും ചേർന്ന് സൈനിക ആക്രമണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

അതേസമയം, ഇസ്രായേലിനു നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് വിക്ഷേപിച്ച മിസൈലുകള്‍ ഇസ്രായേലിന് നേരെ വരുന്നത് തിരിച്ചറിഞ്ഞുട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിമിതമായി നില്‍ക്കുകയോ വലിയ യുദ്ധമായി മാറുകയോ ചെയ്യാമെന്നാണ് വിലയിരുത്തലുകള്‍.

ലോകത്തിലെ പ്രധാന എണ്ണ ഉത്പാദകരില്‍ ഒന്നാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടാല്‍ എണ്ണവിതരണം ബാധിക്കാം. എണ്ണവില കുതിച്ചുയര്‍ന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി വരെ ഉണ്ടാകാം. ഇത്തരം അനിശ്ചിതത്വങ്ങളില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതായാണ് എപ്പോഴും കാണുന്നത്. യുദ്ധം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില റെക്കോഡ് ഭേദിച്ചു മുന്നേറാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT