envato
Business Kerala

സ്വര്‍ണ വിലയില്‍ വമ്പന്‍ ഇടിവ്, വരാനിരിക്കുന്നത് വിലക്കുറവിന്റെ നാളുകളോ?

രണ്ട് ദിവസം കൊണ്ട് വിലയില്‍ 1,240 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. വെള്ളി വിലയും കുറഞ്ഞു

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വമ്പന്‍ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില 720 രൂപ താഴ്ന്ന് 89,080 രൂപയുമായി.

രണ്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,240 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില 70 രൂപ കുറഞ്ഞ് ഗ്രാമിന 9,160 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,135രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,615 രൂപയുമായി. വെള്ളി വിലയും ഇന്ന് ഇടിവിലാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 157 രൂപയിലെത്തി.

ഡോളര്‍ സൂചിക 100ന് മുകളിലെത്തിയതും ഉയര്‍ന്ന വിലയിലെ ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയില്‍ ഇടിവിന് ഇടയാക്കിയത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1.74 ശതമാനം ഇടിഞ്ഞ് 3,932 ഡോളര്‍വരെ എത്തിയിരുന്നു. ഇന്ന് രാവിലെ വില തിരിച്ചു കയറി 3,953 ഡോളറിലെത്തിയെങ്കിലും 4,000 ഡോളറിലേക്ക് കടന്നില്ല. ഈ വര്‍ഷം സ്വര്‍ണ വില 60 ശതമാനം വരെ ഉയര്‍ന്നതിനു ശേഷമാണ് തിരുത്തലിന് വിധേയമായിരിക്കുന്നത്.

ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കേരളത്തില്‍ ഏകദേശം 97,200 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്താണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. അതേസമയം, വില കുറഞ്ഞതോടെ സംസ്ഥാനത്തെ ജുവലറികളില്‍ വീണ്ടും തിരക്ക് വര്‍ധിച്ചെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT