canva
Business Kerala

സമാധാനക്കരാറില്‍ റെക്കോഡ് കൈവിട്ട് സ്വര്‍ണം, കേരളത്തില്‍ ഒറ്റയടിക്ക് ₹1,360 കുറഞ്ഞു

വെള്ളി വിലയും താഴേക്ക്

Dhanam News Desk

സംസ്ഥാനത്ത് റെക്കോഡ് വിലയില്‍ നിന്ന് കുത്തനെ താഴേക്കിറങ്ങി സ്വര്‍ണം. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാം വില 11,210 രൂപയും പവന്‍ വില 89,680 രൂപയുമായി.

തുടര്‍ച്ചയായ ആറ് ദിവസത്തെ കുതിപ്പിനാണ് ഇന്ന് വിരാമമിട്ടത്. ഒക്ടോബര്‍ ഒന്നു മുതല്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമായിരുന്നു. ഇന്നലെ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമെന്ന സര്‍വകാല റെക്കോഡിലായിരുന്നു.

സമാധാന പാതയില്‍

ഇസ്രായേല്‍-ഹമാസ് സമാധാന കരാര്‍ ധാരണയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ പെട്ടെന്ന് ഇടിവിന് കാരണമായത്. 24 മണിക്കൂറിനകം ഇസ്രായേല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും അമേരിക്കയിലെ ഷട്ട്ഡൗണും പലിശ നിരക്ക് കുറയ്ക്കല്‍ സാധ്യതകളെല്ലാം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റ സ്വീകാര്യത വര്‍ധിപ്പിച്ചത് രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 4,058-60 ഡോളറിലെത്തിച്ചിരുന്നു. ഇന്ന് സ്വര്‍ണ വില 3,960 ഡോളര്‍ വരെ താഴ്ന്ന ശേഷം 3,928 ഡോളറിലെത്തിയിട്ടുണ്ട്. അതേസമയം, നിലവിലെ തിരുത്തല്‍ അധിക കാലം നീണ്ടു നില്‍ക്കില്ലെന്നതാണ് നിരീക്ഷണങ്ങള്‍. ചെറിയ കുറവുണ്ടായാലും കുത്തനെയുള്ള ഇടിവുനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നുണ്ട് നിരീക്ഷകര്‍.

ചെറു കാരറ്റുകളും വെള്ളിയും

സ്വര്‍ണവിലയിലെ കുറവ് ചെറുകാരറ്റുകളിലും പ്രതിഫലിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 9,220 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,180 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,635 രൂപയുമാണ് വില.

വെള്ളിയും മുന്നേറ്റത്തിന് വിരാമമിട്ട് ഇന്ന് വിലയിടിവിലേക്ക് നീങ്ങി. ഗ്രാമിന് രണ്ട് രൂപ താഴ്ന്ന് 162 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഒരു പവന്‍ ആഭരണത്തിന് വില

സ്വര്‍ണ വില ക്രമാതീതമായി ഉയര്‍ന്നത് വില്‍പ്പനയെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉത്സവകാല ഡിമാന്‍ഡ് തുടരുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. ഇന്നത്തെ കുറവ് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. ഉയരുന്നുണ്ടെങ്കിലും ഉത്സവ സീസണ്‍ ആയതിനാല്‍ ജുവലറികളില്‍ തിരക്കിന് കാര്യമായ കുറവില്ല. വില വര്‍ധന ഇനിയും തുടരുമെന്നാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വിലയിരുത്തുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 97,042 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലുമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT