Envato
Business Kerala

അവസാന ലാപ്പില്‍ സ്വര്‍ണം വീണ്ടും വീണു, പലിശപ്പേടിയും എണ്ണ വിലയും തളര്‍ത്തി, കേരളത്തില്‍ ഇന്ന് പവന്‌ കുറഞ്ഞത് 1,160 രൂപ, വെള്ളിക്കും വന്‍ വീഴ്ച

രാജ്യാന്തര തലത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് സ്വര്‍ണവില താഴേക്ക് പോകുന്നത്

Resya Raveendran

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വൈകിട്ട് വലിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കുറഞ്ഞതോടെ പവന്‍ വില 1,12,080 രൂപയായി, സെപ്റ്റംബര്‍ രണ്ടിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചെറു കാരറ്റ് സ്വര്‍ണത്തിലും വെള്ളിയിലും വന്‍ ഇടിവ്. പലിശനിരക്ക് കൂടുമെന്ന പ്രതീക്ഷയും എണ്ണവില വര്‍ധനയും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ത്തി.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൈകിട്ട് അഞ്ച് മണിയോടെ വന്‍ ഇടിവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്‍ വിസ 1,12,080 രൂപയും ഗ്രാം വില 14,010 രൂപയുമായി. സെപ്റ്റംബര്‍ രണ്ടിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബര്‍ രണ്ടിന് വില 1,11,480 രൂപയിലേക്ക് താഴ്ന്നിരുന്നു.

അതേസമയം, സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. പവന് 1,15,080 രൂപ. അതുമായി നോക്കുമ്പോള്‍ 3,000 രൂപയുടെ കുറവുണ്ട്. ഇന്ന് രാവിലെ സ്വര്‍ണം വ്യാപാരം ആരംഭിച്ചത് ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,125 രൂപയിലും പവന് 240 രൂപ കുറഞ്ഞ് 1,13,000 രൂപയിലുമായിരുന്നു. വൈകിട്ടത്തെ വീഴചയോടെ ഇന്ന് മാത്രം പവന്‍ വിലയില്‍ 1,160 രൂപയുടെ കുറവുണ്ടായി.

ചെറു കാരറ്റുകളിലും ഇടിവ്

ചെറു കാരറ്റ് സ്വര്‍ണ വിലയിലും ഇടിവുണ്ട്. 18 കാരറ്റിന് ഗ്രാമിന 95 രൂപ കുറഞ്ഞ് 11,510 രൂപയായപ്പോള്‍ 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,965 രൂപയായി. ഒമ്പത് കാരറ്റിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,780 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും വന്‍ ഇടിവുണ്ട്. ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ കുറഞ്ഞ് 245 രൂപയായി. രാവിലെ 10 രൂപ ഉയര്‍ന്നായിരുന്നു വ്യാപാരം തുടങ്ങിയത്.

പലിശനിരക്ക് കൂടുമെന്ന പ്രതീക്ഷയും എണ്ണ വിലയും

എണ്ണവില കുത്തനെ കൂടിയതും പലിശനിരക്ക് ഉയരുമെന്ന സൂചനകളുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാക്കിയത്. രാജ്യാന്തര തലത്തില്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് സ്വര്‍ണവില താഴേക്ക് പോകുന്നത്. സ്‌പോട്ട് സ്വര്‍ണ വില 1.28 ശതമാനം ഇടിഞ്ഞ് 4,293 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 4,278 ഡോളര്‍ വരെ ഇടയ്ക്ക് താഴ്ന്നിരുന്നു.

അമേരിക്കയില്‍ പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 67 ശതമാനത്തില്‍ നിന്ന് 87 ശതമാനമായി ഉയര്‍ന്നതായി 'സി.എം.ഇ ഫെഡ് വാച്ച്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റില്‍ സാധനങ്ങളുടെ വിലക്കയറ്റവും പണപ്പെരുപ്പവും ഉയര്‍ന്നതാണ് ഇതിന് കാരണം. വരുന്ന വെള്ളിയാഴ്ച ബാങ്ക് ഓഫ് ജപ്പാനും പലിശനിരക്ക് കൂട്ടിയേക്കും.

പണപ്പെരുപ്പത്തെ ചെറുക്കാന്‍ സ്വര്‍ണം സഹായിക്കുമെങ്കിലും, ബാങ്ക് പലിശനിരക്ക് കൂടുമ്പോള്‍ സ്വര്‍ണത്തോടുള്ള ആകര്‍ഷണം കുറയും. കാരണം സ്വര്‍ണത്തില്‍ നിന്ന് കൃത്യമായ പലിശയോ വരുമാനമോ ലഭിക്കുന്നില്ല.

ഇതിനൊപ്പം എണ്ണവിപണിയിലെ പ്രശ്‌നങ്ങളും സ്ഥിതി ഗുരുതരമാക്കുന്നു. കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം, സൗദിയിലെ ഹൂത്തി ആക്രമണം, പ്രധാന പൈപ്പ്ലൈന്‍ അടച്ചത് എന്നിവ കാരണം എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതോടെ എണ്ണവില ഇന്ന് 2 ശതമാനത്തിലധികം കൂടി.

Gold prices in Kerala saw a steep late-afternoon drop, pulling sovereign rates down by ₹1,160 in a single day amid rising crude oil prices and global monetary tightening concerns.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT