Envato
Business Kerala

ഉച്ചവരെ കാത്തിരുന്നവര്‍ക്ക് വന്‍ ആശ്വസം, മണിക്കൂറുകള്‍ക്കകം സ്വര്‍ണ വിലയില്‍ ലാഭം ₹960

രാജ്യാന്തര തലത്തിലും വിലയിടിവ് തുടരുന്നു

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് വന്‍ ഇടിവ്. ഗ്രാം വില 120 രൂപ ഇടിഞ്ഞ് 13,715 രൂപയായി. പവന്‍ വില 960 രൂപ കുറഞ്ഞ് 1,09,720 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,325 രൂപയുമായി. വെള്ളി വില മാറ്റമില്ലാതെ 265 രൂപയില്‍ തുടരുന്നു.

രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 4,579 ഡോളറിലേക്ക് ഇടിഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ 4,613 ഡോളറിലായിരുന്നു വ്യാപാരം തുടങ്ങിയത്.

യുഎസ് ഡോളറിന്റെ കരുത്തും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനയും സ്വര്‍ണവിലയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ഇടിവ് തുടരുന്ന സ്വര്‍ണവില നിലവില്‍ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്താണ് വ്യാപാരം നടത്തുന്നത്.

പലിശ കുറവ് പ്രതീക്ഷ മങ്ങി

യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലുണ്ടായ വിതരണ തടസങ്ങള്‍ മൂലം എണ്ണ വില ഉയര്‍ന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നുള്ള പണപ്പെരുപ്പ ഭീഷണി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നല്‍കുന്നത്. ഫെഡറല്‍ റിസര്‍വ് കഴിഞ്ഞയാഴ്ച പലിശനിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും പണപ്പെരുപ്പ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ECB), ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BOE), ബാങ്ക് ഓഫ് ജപ്പാന്‍ (BOJ) എന്നിവരും പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന സൂചന നല്‍കിയത് സ്വര്‍ണവിലയെ ബാധിച്ചു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍, ഇറാന്‍ പാകിസ്ഥാന്‍ വഴി പുതിയ സമാധാന നിര്‍ദ്ദേശം സമര്‍പ്പിച്ചത് സംഘര്‍ഷങ്ങള്‍ കുറയാന്‍ ചെറിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപ് സൈനിക നീക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നത് അനിശ്ചിതത്വം നിലനിര്‍ത്തുന്നു. ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന പ്രമുഖ രാജ്യങ്ങളിലെ പിഎംഐ (PMI) ഡാറ്റയും യുഎസ് തൊഴില്‍ വിപണി റിപ്പോര്‍ട്ടുകളും സ്വര്‍ണ വിപണിയില്‍ നിര്‍ണായകമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Gold prices dropped sharply in Kerala following global market trends, stronger dollar, and rising oil prices impacting investor sentiment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT