പ്രതീകാത്മക ചിത്രം AI assisted image
Business Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് രണ്ട് തവണയായികുറഞ്ഞത് 2,640 രൂപ, 8 മാസത്തിനിടെ പവന് 21,000 രൂപയിലേറെ താഴ്ന്നു

ആഗോള വിപണിയിലെ വിലയിടിവും കരുത്തുറ്റ ഡോളറും ക്രൂഡ് ഓയിൽ നിരക്കുകളിലെ മാറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്

Resya Raveendran

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റദിവസം കൊണ്ട് 2,640 രൂപ കുറഞ്ഞ് 1,09,320 രൂപയായി. എട്ട് മാസത്തിനിടെ പവന് 21,040 രൂപയും ഗ്രാമിന് 2,630 രൂപയുമാണ് ഇടിവ്. ആഗോള വിപണിയിലെ 25 ശതമാനത്തിലേറെ തിരുത്തലും രൂപ-ഡോളര്‍ വിനിമയ നിരക്കിലെ മാറ്റവും പ്രധാന കാരണമായി.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വന്‍ തിരുത്തല്‍. ഇതോടെ ഇന്ന് ഒറ്റദിവസം കൊണ്ട് രണ്ടുതവണയായി പവന് 2,640 രൂപയുടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പവന് 1,840 രൂപ കുറഞ്ഞാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് ശേഷം 800 രൂപ കൂടി താഴേക്ക് പോയി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,320 രൂപയായി. ഗ്രാമിന് ഇന്ന് ആകെ 330 രൂപ കുറഞ്ഞ് 13,665 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചെറു കാരറ്റുകളുടെ വിലയിലും സമാനമായ കുറവ് പ്രകടമാണ്. ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി കുറഞ്ഞ് 11,225 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,745 രൂപയിലും 9 കാരറ്റ് സ്വര്‍ണം 5,640 രൂപയിലുമാണ് വിപണനം നടക്കുന്നത്.

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 21,040 രൂപയുടെ ആശ്വാസം

2026 ജനുവരി 29-ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ നിന്ന് വലിയ തോതിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. ജനുവരി 29-ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അവിടെ നിന്ന് എട്ടു മാസത്തിനിടയില്‍ പവന് 21,040 രൂപയുടെയും ഗ്രാമിന് 2,630 രൂപയുടെയും ഇടിവാണുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ സമ്മര്‍ദ്ദം

ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ ശക്തമായ തിരുത്തലാണ് കേരളത്തിലും പ്രകടമായതെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 5,594.82 ഡോളറെന്ന റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നാണ് വില 4,177 ഡോളറിലേക്ക് താഴ്ന്നത്. അതായത് ആഗോള നിരക്കില്‍ 25 ശതമാനത്തിലേറെ (ഏകദേശം $1,420) ഇടിവുണ്ടായി.

ഇതിനുപുറമെ, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വീണ്ടും 96 രൂപ നിലവാരത്തിലേക്ക് എത്തിയതും ആഭ്യന്തര വിപണിയെ സ്വാധീനിച്ചു.

എണ്ണവിലയും ഡോളര്‍ കരുത്തും വില്ലനായി

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നിലനിര്‍ത്താനുള്ള സാധ്യത കൂട്ടുന്നു. ഉയര്‍ന്ന പലിശനിരക്ക് നിലനില്‍ക്കുമ്പോള്‍, പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തോടുള്ള നിക്ഷേപകരുടെ ആകര്‍ഷണം കുറയുന്നത് വിലയെ പ്രതികൂലമായി ബാധിക്കുകയാണ്.

അമേരിക്കന്‍ ഡോളറിന്റെ കരുത്ത്, യു.എസ് ബോണ്ട് യീല്‍ഡുകളിലെ വ്യതിയാനം, നിക്ഷേപകര്‍ ലാഭമെടുപ്പ് (Profit Booking) നടത്തിയത്, ഓഹരി വിപണികളിലേക്ക് പണമൊഴുക്ക് വര്‍ധിച്ചത് എന്നിവയും സ്വര്‍ണത്തിന് തിരിച്ചടിയായി. വരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ-തൊഴില്‍ കണക്കുകളും വിപണിയുടെ തുടര്‍ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

വിപണിയില്‍ ചാഞ്ചാട്ടം തുടരും

നിലവിലെ ഇടിവ് ദീര്‍ഘകാല ട്രെന്‍ഡ് മാറ്റമായി കാണാനാകില്ലെന്ന് അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, ആഗോള സാമ്പത്തിക മന്ദത എന്നിവ സ്വര്‍ണത്തിന് ഇപ്പോഴും ശക്തമായ അടിത്തറ നല്‍കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 4,100 ഡോളര്‍ വരെ താഴാമെങ്കിലും അതിന് മുമ്പ് തന്നെ തിരിച്ചു കയറാനുള്ള സൂചനകളും വിപണിയില്‍ നല്‍കുന്നുണ്ട്. അതിനാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ശക്തമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍.

Domestic gold prices in Kerala witnessed a sharp decline driven by a pullback in global rates, strong US dollar, and rising crude oil prices.

SCROLL FOR NEXT