ആഗോള വിപണിയിലെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒറ്റദിവസം പവന് 1,800 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 960 രൂപ കുറഞ്ഞ് 1,01,560 രൂപയിലായിരുന്നു വ്യാപാരം ആരംഭിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും താഴേക്ക് പതിച്ചതോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വ്യാപാര സംഘടനകള്‍ വില പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഗ്രാമിന് 12,590 രൂപയും പവന് 1,00,720 രൂപയുമായി.
പുതുക്കിയ നിരക്ക് പ്രകാരം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,300 രൂപയും 14 കാരറ്റിന് 8,060 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,200 രൂപയായും കുറഞ്ഞു. പവന് വില ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയതോടെ, അധികം വൈകാതെ വില ഈ നിര്‍ണായക നിലവാരത്തിന് താഴേക്ക് പതിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇന്ന് രാവിലെ സംസ്ഥാനത്ത് വില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,955.75 ഡോളറായിരുന്നു നിരക്ക്. ഉച്ചയോടെ ഇത് 3,893.40 ഡോളറിലേക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ഇന്ന് രാവിലെ നേരിയ തിരിച്ചുകയറ്റത്തിന് ശ്രമം നടന്നിരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമുള്ള സാങ്കേതിക തിരുത്തല്‍ മാത്രമായിരുന്നു ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2026 ജനുവരി 29-ന് ഔണ്‍സിന് 5,595 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷമാണ് സ്വര്‍ണവില 3,890 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയത്. റെക്കോര്‍ഡ് നിരക്കില്‍നിന്ന് ഏകദേശം 30 ശതമാനത്തിന്റെ ഇടിവാണ് ഇതുവരെയുണ്ടായത്. ജനുവരി 29-ന് കേരളത്തില്‍ പവന് 1,31,160 രൂപയായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 30,440 രൂപയുടെ കുറവാണ് പവനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ 3,850 ഡോളര്‍ നിലവാരം സ്വര്‍ണത്തിന് നിര്‍ണായക പിന്തുണാ മേഖലയായി (Support Level) പ്രവര്‍ത്തിച്ചേക്കാം. ഈ നിലവാരം ഭേദിച്ച് താഴേക്ക് പോയാല്‍ വില 3,800 ഡോളറിലേക്കും തുടര്‍ന്ന് 3,700 ഡോളര്‍ മേഖലയിലേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. മറിച്ച്, 3,920 ഡോളറിന് മുകളില്‍ പിടിച്ചുനില്ക്കാന് സാധിച്ചാല്‍ മാത്രമേ താല്ക്കാലികമായൊരു തിരിച്ചുകയറ്റത്തിന് വിപണിയില്‍ കരുത്ത് ലഭിക്കുകയുള്ളൂ.
അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറല്‍ റിസര്‍വ് സൂചനകള്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, നിക്ഷേപകരുടെ ലാഭമെടുപ്പ്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഗതി നിര്‍ണയിക്കുക. ഇതിനൊപ്പം രൂപയുടെ വിനിമയനിരക്കിലെ വ്യതിയാനങ്ങളും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കും.
തുടര്‍ച്ചയായ വിലയിടിവ് കേരളത്തിലെ സ്വര്‍ണവ്യാപാര മേഖലയെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങി സ്റ്റോക്ക് ചെയ്ത വ്യാപാരികള്‍ക്ക് വലിയ നഷ്ടഭീഷണിയാണ് നിലവിലുള്ളത്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങലുകള്‍ മാറ്റിവയ്ക്കുന്നത് ജ്വല്ലറികളിലെ വില്പനയെയും പ്രതികൂലമായി ബാധിക്കുന്നു.
അതേസമയം, സ്വര്‍ണാഭരണങ്ങളും നിക്ഷേപ സ്വര്‍ണവും കൈവശം വച്ചിട്ടുള്ള സാധാരണ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെ വിപണിമൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി പുതുതായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ വിപണിയില്‍ വില എവിടെ ചെന്ന് നില്‍ക്കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ എന്നതിലുപരി ഈ തകര്‍ച്ച എപ്പോള്‍ അവസാനിക്കുമെന്നാണ് സംസ്ഥാനത്തെ വ്യാപാര സമൂഹം ഉറ്റുനോക്കുന്നത്.
Following a steep drop in international bullion rates, gold prices in Kerala tumbled twice today to settle at ₹1,00,720 per sovereign, raising prospects of breaching the ₹1 lakh psychological mark soon.
Read DhanamOnline in English
Subscribe to Dhanam Magazine