Image created with Gemini AI
Business Kerala

ഉച്ചയ്ക്ക് സ്വര്‍ണത്തിന് വന്‍ വിലയിടിവ്, ഓണപര്‍ച്ചേസിനായി കാത്തിരുന്നവര്‍ക്ക് ഇന്ന് മാത്രം ലാഭം ₹2,280

രാജ്യന്താര സ്വര്‍ണ വില ഇടിവിലായതോടെ ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വ്യാപാര സംഘടനകള്‍ വില വീണ്ടും കുറയ്ക്കുകയായിരുന്നു

Dhanam News Desk

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. പവന് 1,720 രൂപയും. ഇതോടെ പവന്‍ വില 1,17,800 രൂപയിലും ഗ്രാം വില 14,725 രൂപയിലുമെത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ പവന്‍ വില 560 രൂപ താഴ്ന്ന് 1,19,520 രൂപയിലും ഗ്രാം വില 70 രൂപ ഇടിഞ്ഞ് 14,940 രൂപയിലുമായിരുന്നു.

എന്നാല്‍ രാജ്യന്താര സ്വര്‍ണ വില ഇടിവിലായതോടെ ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വ്യാപാര സംഘടനകള്‍ വില വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതോടെ ഇന്ന് മൊത്തം പവന് വിലയിലുണ്ടായത് 2,280 രൂപയാണ്. രാവിലെ 4,643 രൂപ വരെയെത്തിയ ഔണ്‍സ് സ്വര്‍ണ വില നിലവില്‍ 4,600 ഡോളര്‍ വരെ താഴ്ന്നു.

വില കുറഞ്ഞതോടെ കേരളത്തിലെ കടകളില്‍ കൂടുതല്‍ വില്‍പ്പന നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഓണത്തോടനുബന്ധിച്ച് ശരാശരി വില്‍പ്പനയാണ് വ്യാപാരികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നേടാനായത്.

ചെറുകാരറ്റുകള്‍ക്കും വിലക്കുറവ്‌

ചെറു കാരറ്റുകളുടെ വിലയിലും സമാനമായ മാറ്റമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 12,100 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 9,420 രൂപയായി. ഒമ്പത് കാരറ്റിന് 85 രൂപ കുറഞ്ഞ് 6,075 രൂപയായി.

റെക്കോർഡ് വിലയിലെത്തിയതിനെ തുടർന്ന് നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ ഇടിവിന് പ്രധാന കാരണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ആഗോള വിപണിയിലെ സമ്മർദ്ദവും വിലയെ ബാധിക്കുന്നുണ്ട്. അമേരിക്കൻ പണപ്പെരുപ്പവും പലിശനിരക്കിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ഡോളറിനും യുഎസ് ട്രഷറി യീൽഡിനും ശക്തി നൽകി സ്വർണ്ണവില താഴ്ത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണം 4,590 ഡോളറിൽ താഴെയാണ്. വെള്ളി 68–69 ഡോളറിലുമാണ്.

രൂപയുടെ വിനിമയനിരക്കും ക്രൂഡോയിൽ വിലയും ആഭ്യന്തര വിലയെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ ഇടിവ് ദീർഘകാല കുതിപ്പിന് തടസ്സമല്ലെന്നും ഉയർന്ന വിലയിലെ സ്വാഭാവിക ലാഭമെടുപ്പിന്റെ ഭാഗമാണെന്നും ആഗോള അനിശ്ചിതത്വം, കേന്ദ്രബാങ്കുകളുടെ വാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണ്ണത്തിന് പിന്തുണ നൽകുന്നുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Gold prices in Kerala witness a sharp intraday drop of ₹1,720 per sovereign, taking total daily losses to ₹2,280 amid a fall in global bullion rates.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT