പ്രതീകാത്മക ചിത്രം AI assisted image
Business Kerala

വിടാതെ പണപ്പെരുപ്പ ഭീതി: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണ വില, ദീപാവലിക്ക് വിലക്കുറവ് ഉത്സവമോ?

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വിലക്കയറ്റവും ആഗോള വിപണിയില്‍ ആശങ്ക പടര്‍ത്തുമ്പോള്‍ കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു

Resya Raveendran

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ശക്തമായ ഇടിവാണ് രേഖപ്പെടുത്തുന്നത്. വിപണിയില്‍ പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനിടയിലും ദീപാവലി സീസണിന് മുന്നോടിയായുള്ള വിലക്കുറവ് സാധാരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസമാകുന്നുണ്ട്. ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,235 രൂപയിലും പവന് 1,05,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചെറു കാരറ്റ് വിലകളിലെ മാറ്റം

ചെറു കാരറ്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി. 14 കാരറ്റ് ഗ്രാമിന് 100 രൂപ കുറഞ്ഞ് 8,470 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 65 രൂപ കുറഞ്ഞ് 5,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 230 രൂപയില്‍ തുടരുന്നു.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ക്രൂഡ് ഓയില്‍ വിപണിയും

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായത് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. സൗദി ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതിയാണ് ഇതിന് കാരണം. നിലവില്‍ ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയില്‍ വില 0.6 ശതമാനം വര്‍ധിച്ച് ബാരലിന് 98.00 ഡോളറിന് അടുത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിരക്കായ 101.05 ഡോളറിനോട് അടുത്താണ് ഇപ്പോഴും എണ്ണവില നില്‍ക്കുന്നത്.

യുഎസ് ഫെഡ് നയപ്രഖ്യാപനം നിര്‍ണായകം

പണപ്പെരുപ്പ ഭീഷണി ഉയരുമ്പോള്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നു. സ്ഥിരമായി പലിശയോ വരുമാനമോ നല്‍കാത്ത സ്വര്‍ണം പോലുള്ള ആസ്തികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ പ്രഖ്യാപനമാണ് ഇനി സ്വര്‍ണവിലയുടെ ഭാവി ഗതി നിര്‍ണയിക്കുക.

ഫെഡ് വാച്ച് ടൂള്‍ (CME FedWatch) വിവരങ്ങള്‍ പ്രകാരം, ഫെഡറല്‍ റിസര്‍വ് നിലവിലെ പലിശ നിരക്കുകള്‍ (3.75% - 4.00% പരിധിയില്‍) മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യത. എങ്കിലും, വരും ദിവസങ്ങളിലെ ഫെഡ് റിസര്‍വിന്റെ നയപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിപണി ഏറെ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ത്തേണ്ടി വരുമെന്ന് ഭൂരിഭാഗം ഫെഡ് ബോര്‍ഡ് അംഗങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (IMF) വാര്‍ഷിക യോഗത്തില്‍ സംസാരിക്കവേ ഫെഡ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷും വിലക്കയറ്റ ഭീഷണിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് എത്ര നല്‍കണം?

കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വിപണി വിലയ്‌ക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും ബാധകമായ മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന്മേലുള്ള 18 ശതമാനം നികുതി എന്നിവ കൂടി ചേര്‍ത്ത് നല്‍കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞത് 1,11,704 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതിനനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Gold rates in Kerala dropped significantly by Rs 1,240 per sovereign, bringing retail buyers to a crucial crossroads ahead of the upcoming US Federal Reserve policy announcement and rising Middle East tensions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT