envato
Business Kerala

സംസ്ഥാനത്ത് ആറു ദിവസത്തിനു ശേഷം ഇടിവിന് ഇടവേളയെടുത്ത് സ്വര്‍ണം, ഇന്നത്തെ നിരക്കുകള്‍ അറിയാം

വെള്ളി വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയായി

Dhanam News Desk

സംസ്ഥാനത്ത് തുടര്‍ച്ചയായ ആറ് ദിവസത്തെ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,540 രൂപയായി. പവന്‍ വില 880 രൂപ ഉയര്‍ന്ന് 1,16,320 രൂപയിലുമെത്തി.

ചെറുകാരറ്റുകളുടെ വിലയിലും ആനുപാതികമായ വര്‍ധനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 11,945 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,305 രൂപയും ഒമ്പത് കാരറ്റിന് 6,000 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് 5 രൂപ വര്‍ധിച്ച് 275 രൂപയായി.

രാജ്യാന്തര വിലയ്‌ക്കൊപ്പം

അമേരിക്ക-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ആശങ്കകളും ഡോളറിലെ അസ്ഥിരതയും സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതാണ് വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്.

ഇന്ന്‌ വ്യാപാരത്തിന്റെ തുടക്കത്തില്‍ എംസിഎക്‌സില്‍ (MCX) ഏപ്രില്‍ മാസത്തെ സ്വര്‍ണ കരാറുകള്‍ അര ശതമാനത്തിലധികം ഉയര്‍ന്ന് 10 ഗ്രാമിന് 1,56,740 രൂപയിലെത്തി. എംസിഎക്‌സ് വെള്ളി മെയ് ഫ്യൂച്ചേഴ്‌സ് ഒരു ശതമാനത്തിലധികം വര്‍ധിച്ച് കിലോയ്ക്ക് 2,59,569 രൂപയിലുമെത്തി.

കഴിഞ്ഞ വ്യാപാര സെഷനില്‍ എംസിഎക്‌സ് ഏപ്രില്‍ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 10 ഗ്രാമിന് 1,55,736 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. വെള്ളി മെയ് ഫ്യൂച്ചേഴ്‌സ് ഒരു ശതമാനത്തിലധികം താഴ്ന്ന് കിലോയ്ക്ക് 2,56,532 രൂപയിലുമാണ് ക്ലോസ് ചെയ്തിരുന്നത്.

അമേരിക്ക-ഇറാന്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനകളൊന്നും ഇതുവരെ പ്രകടമല്ല.

യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് (Middle East) ഏതാണ്ട് പൂര്‍ണമായും കലുഷിതാവസ്ഥയിലാണ്. ദുബായ്, അബുദാബി, ഫുജൈറ എന്നിവിടങ്ങളില്‍ ഇറാനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തി. വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചു.

അതേസമയം, ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. ഇത് പണപ്പെരുപ്പത്തിനും സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിനും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.

മാര്‍ച്ച് 18-ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയപ്രഖ്യാപനത്തിന് മുന്നോടിയായി യുഎസ് ഡോളര്‍ വലിയ അസ്ഥിരത നേരിടുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ സ്വര്‍ണ വിലയിലും മുന്നേറ്റമുണ്ടാക്കും.

ഒരുപവന്‍ സ്വര്‍ണത്തിന് എത്ര വേണം

ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് സ്വര്‍ണ വില നിശ്ചയിക്കുക. ഇതു പ്രകാരം ഇന്ന് ാെരു പവന്‍ ആഭരണം സ്വന്തമാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 1,19,863 രൂപയാകും. പണിക്കൂലി കൂടുന്നതിനനുസരിച്ച് ആഭരണ വിലയും ഉയരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT