Image : Canva 
Business Kerala

വാരാന്ത്യത്തില്‍ സ്വര്‍ണത്തിന് യുടേണ്‍, ഇന്നലത്തെ ആശ്വാസം പൂര്‍ണമായും ഇല്ലാതായി, വിലയിടിവിന് താത്കാലിക ഇടവേളയോ?

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്

Resya Raveendran

സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ ശക്തമായ തിരിച്ചു കയറ്റം. വാരാന്ത്യത്തില്‍ പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,05,080 രൂപയിലെത്തി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,135 രൂപയുമായി. ഇതോടെ ഇന്നലത്തെ വിലക്കുറവ് പൂര്‍ണമായും നഷ്ടമായി. ഇന്നലെ പവന്‍ വില 560 രൂപയും ഗ്രാം വില 70 രൂപയും കുറഞ്ഞിരുന്നു.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 10,795 രൂപയായി. 14 കാരിന് 8,410 രൂപയും 9 കാരറ്റിന് 5,425 രൂപയുമാണ് വില. വെള്ളിവിലയും ഗ്രാമിന് 5 രൂപ വര്‍ധിച്ച് 235 രൂപയിലെത്തി.

രാജ്യാന്തര വിപണിയിലെ കുതിപ്പ്

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. നിലവില്‍ ഔണ്‍സിന് 4,017 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ എണ്ണവില കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് (Brent crude futures) വാരാന്ത്യത്തില്‍ 15 ശതമാനത്തിലധികം നേട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇതേത്തുടര്‍ന്ന് പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്നും കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്നുമുള്ള ആശങ്കകള്‍ വിപണിയിലുണ്ട്.

പലിശനിരക്കിലെ അനിശ്ചിതത്വം

യു.എസില്‍ ജൂണ്‍ മാസത്തെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI), പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് (PPI) നിരക്കുകളില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പുകളിലെ റീറ്റെയ്ല്‍ വില്‍പനയിലും ഇടിവുണ്ടായി. ഇത് പലിശനിരക്കുകള്‍ ഉടനടി വര്‍ധിപ്പിക്കേണ്ടതില്ല എന്ന കാര്യത്തില്‍ ഫെഡറല്‍ റിസര്‍വിന് ആശ്വാസം നല്‍കിയതായിരുന്നു.

എന്നാല്‍, യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുത്തതോടെ സാമ്പത്തിക സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ പലിശനിരക്ക് കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷും മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഡാളസ് ഫെഡ് പ്രസിഡന്റ് ലോറി ലോഗന്‍ പലിശനിരക്ക് നേരിയ തോതില്‍ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുന്നത് സാധാരണയായി സ്വര്‍ണം പോലുള്ള നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകാറുണ്ടെങ്കിലും ആഗോള സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വീണ്ടുമെത്തുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ പ്രശ്‌നം തുടരുന്നു

ഇറാനില്‍ തുടര്‍ച്ചയായ ആറാം രാത്രിയും ആക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ സംഭവങ്ങളെല്ലാം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ (Strait of Hormuz) ഭാവിയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. താല്‍ക്കാലിക സമാധാന കരാറിലൂടെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കാമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റുകൊണ്ട് ഇതുവഴിയുള്ള ടാങ്കര്‍ ഗതാഗതം തടസപ്പെട്ടതാണ് വിപണിയെ പിടിച്ചുലയ്ക്കുന്നത്.

Kerala gold prices witness a U-turn as Middle East conflicts trigger a surge in international rates.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT