സംസ്ഥാനത്ത് നാല് ദിവസത്തെ വിലയിടിവിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ കയറ്റം. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,120 രൂപയായും ഗ്രാം വില 13,390 രൂപയായും ഉയർന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവൻ വിലയിൽ 4,160 രൂപയുടെ വൻ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ നേരിയ തിരിച്ചുവരവ്.
അതേസമയം, മറ്റ് കാരറ്റുകളിലുള്ള സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,005 രൂപയിലും 14 കാരറ്റ് ഗ്രാമിന് 8,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,530 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളി ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ തുടരുന്നു.
സംസ്ഥാനത്ത് വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. രാജ്യാന്തര സ്വർണവില 1.18 ശതമാനം ഇടിഞ്ഞ് 4,160 ഡോളറിലാണ് കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയിൽ ഒരുവേള വില 4,120 ഡോളർ വരെ താഴേക്ക് പോയിരുന്നു. യു.എസ് ഫെഡറൽ റിസർവിൽ നിന്നുള്ള പണനയ സൂചനകളാണ് ആഗോളതലത്തിൽ സ്വർണത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നത്.
അമേരിക്കയിലെ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി ഈ വർഷം അവസാനത്തോടെ പലിശ നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടി വന്നേക്കുമെന്ന സൂചന യു.എസ് ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് അസംസ്‌കൃത എണ്ണയുടെയും ഊർജ്ജത്തിന്റെയും വിലയിലുണ്ടായ കുത്തനെയുള്ള വർധന പണപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ഫെഡറൽ റിസർവിലെ 19 നയരൂപീകരണ വിദഗ്ധരിൽ ഒമ്പത് പേരും ഈ വർഷം അവസാനത്തോടെ പലിശ നിരക്ക് വർധനയെ അനുകൂലിക്കുന്നുണ്ട്.
പലിശ നിരക്കുകൾ വർധിക്കുന്നത് സാധാരണയായി സ്വർണത്തോടുള്ള താല്പര്യം കുറയ്ക്കുന്ന ഘടകമാണ്. ഉയർന്ന പലിശ ലഭിക്കുന്ന നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ ചുവടുമാറുന്നതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും വില താഴുകയും ചെയ്യും. ഇതിനൊപ്പം ശക്തമായ പണനയ സൂചനകളെ തുടർന്ന് പ്രമുഖ കറൻസികൾക്കെതിരെയുള്ള യു.എസ് ഡോളർ സൂചിക (Dollar Index) 101 നിലവാരം വരെ ഉയർന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ശക്തമായ പ്രതിവാര നേട്ടത്തിലാണ് ഡോളർ ഇപ്പോൾ ഉള്ളത്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വർണം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു.
Gold prices in Kerala ticked up slightly after a four-day losing streak, even as global rates faced pressure from Fed rate hike hints.
Read DhanamOnline in English
Subscribe to Dhanam Magazine