തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. 24 മണിക്കൂറിനിടെ പവന്‍ വിലയിലുണ്ടായത് 1,080 രൂപയുടെ വര്‍ധന. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 110 രൂപയും ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 12,980 രൂപയിലും പവന്‍ വില 1,03,840 രൂപയിലുമെത്തി.
18 കാരറ്റിന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,670 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,310 രൂപ, ഒമ്പത് കാരറ്റിന് ഗ്രാമിന് 5,360 രൂപ എന്നിങ്ങനെയാണ് ഇന്ന് വില. വെള്ളി വിലയും ഇന്ന് തിരിച്ചു കയറി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 240 രൂപയായി.
രാജ്യാന്തര വിലയില്‍ നേരിയ കയറ്റമുണ്ടായതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഔണ്‍സ് വില ഇന്നലെ 4,044 ഡോളര്‍ വരെ എത്തിയിരുന്നു. അതേസമയം, ഇന്ന് 3,998 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. 2025 ന് ശേഷം ഇതാദ്യമായാണ് വില 4,000 ഡോളറില്‍ താഴെയെത്തുന്നത്.
യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതും യുഎസിലെ ഉയര്‍ന്ന പലിശനിരക്ക് തുടരുമെന്ന ശക്തമായ പ്രതീക്ഷകളും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറച്ചതാണ് വിലയിടിവിലേക്ക് നയിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്‍ണം ഇടിവ് രേഖപ്പെടുത്തുന്നത്.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം അളക്കാന്‍ പ്രധാനമായി ആശ്രയിക്കുന്ന പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (PCE) പ്രൈസ് ഇന്‍ഡക്‌സ് മെയ് മാസത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ് 0.4% മാത്രമാണ് ഉയര്‍ന്നത്. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച യുഎസ് ട്രഷറി യീല്‍ഡ് (Treasury yields) നേരിയ തോതില്‍ കുറഞ്ഞെങ്കിലും, പലിശനിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന പ്രതീക്ഷകളില്‍ മാറ്റം വരുത്താന്‍ ഈ കണക്കുകള്‍ക്ക് സാധിച്ചില്ല.
അടുത്ത പോളിസി മീറ്റിംഗില്‍ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത മൂന്നില്‍ ഒന്ന് (one in three) എന്ന നിലയിലേക്ക് താഴ്ന്നു. എങ്കിലും, ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് മൂന്ന് തവണ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് വിപണി ഇപ്പോഴും വിലയിരുത്തുന്നത്.
അതേസമയം, യുഎസ് ഡോളര്‍ സൂചിക 2025 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിന് അടുത്ത് തന്നെ തുടരുകയാണ്. ഇതും സ്വര്‍ണത്തിന്റെ ഇടിവിന് കാരണമായി.
Read DhanamOnline in English
Subscribe to Dhanam Magazine