സംസ്ഥാനത്ത് രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷം സ്വര്‍ണം വീണ്ടും മേലേക്ക്. ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 14,460 രൂപയും പവന് 1,920 രൂപ കൂടി 1,15,680 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 195 രൂപ ഉയര്‍ന്ന് 11,880 രൂപയിലാണ് വ്യാപാരം.
14 കാരറ്റിന് ഗ്രാമിന് 9,250 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,965 രൂപയുമാണ് വില. വെള്ളി വില ഇന്ന് താഴേക്കാണ്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 275 രൂപയിലെത്തി.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 2.50 ശതമാനത്തോളം വര്‍ധിച്ച് 5,043 ഡോളറിനു മുകളിലെത്തിയതാണ് കേരളത്തിലും വില ഉയര്‍ത്തിയത്.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്കില്‍ പ്രതീക്ഷിച്ചതിലും വലിയ കുറവ്. യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (BLS) വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജനുവരിയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2.4 ശതമാനമായി താഴ്ന്നു. ഡിസംബറില്‍ ഇത് 2.7 ശതമാനമായിരുന്നു.
വിപണി വിദഗ്ധര്‍ 2.5 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, അതിലും താഴെ നില്‍ക്കുന്ന കണക്കുകള്‍ നിക്ഷേപകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
പണപ്പെരുപ്പം കുറയുന്നത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കും. ഇതാണ് സ്വര്‍ണ വിലയിലും ഉയര്‍ച്ചയ്ക്കിടയാക്കും.
നിലവില്‍ 5,090 - 5,100 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണത്തിന് ശക്തമായ പ്രതിരോധമുള്ളത്. കഴിഞ്ഞ 10 ദിവസമായി ഈ നിലവാരം മറികടക്കാന്‍ സ്വര്‍ണത്തിന് സാധിച്ചിട്ടില്ല. 5,100 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നാല്‍ വലിയൊരു മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
പവന് സ്വര്‍ണത്തിന്റെ വില 1,15,680 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,31,350 രൂപയെങ്കിലും നല്‍കിയാലാണ് കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകുക. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine